കിളിമാനൂര്‍ > കിളിമാനൂര്പഴയകുന്നുമ്മേല്മടവൂര് ത്വരിതഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ച ചടങ്ങില്‍ ഓഖി ദുരന്തബാധിതര്‍ക്കായി സഹായധന പ്രവാഹം. ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരെ അനുസ്മരിച്ചാണ് കിളിമാനൂര്‍ ടൌണ്‍ ഹാളിലെ നിറഞ്ഞ സദസ്സില്‍ ശുദ്ധജലവിതരണ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ദുരന്തത്തില്‍ ജീവനും ജീവിതോപാധികളും വീടുകളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ആവശ്യത്തിന് സഹായമെത്തിക്കാനുള്ള സര്‍ക്കാരിന്റെ ഉദ്യമത്തിന് എല്ലാ പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചടങ്ങില്‍വച്ച് ആറ്റിങ്ങല്‍ അമര്‍ ആശുപത്രി ഉടമയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. രാധാകൃഷ്ണന്‍നായര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കായി ഒരുലക്ഷം രൂപയുടെ ചെക്ക് ബി സത്യന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറി. വര്‍ക്കല അയിരൂര്‍ എംജിഎം മോഡല്‍ പബ്ളിക് സ്കൂള്‍ സമാഹരിച്ച ഒന്നരലക്ഷം രൂപയുടെ ചെക്ക് വി ജോയി എംഎല്‍എ മുഖ്യമന്ത്രിക്ക് കൈമാറി. ആറ്റിങ്ങല്‍ വിളയില്‍ റസിഡന്‍സ് സഹകരണസംഘം സമാഹരിച്ച തുക ബി സത്യന് എംഎല്‍എ മുഖ്യമന്ത്രിക്ക് കൈമാറി. ഒപ്പം കിളിമാനൂര്‍ ഏരിയ പരിധിയിലെ വിവിധ സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങി നിരവധി സംഘടനകള്‍ ഓഖിദുരന്ത ബാധിതര്‍ക്കുള്ള സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചുദശാബ്ദത്തെ കാത്തിരിപ്പിനൊടുവിലാണ് പഴയകുന്നുമ്മേല്‍, മടവൂര്‍, കിളിമാനൂര്‍ പഞ്ചായത്തുകളിലെ ഒരുലക്ഷത്തിലധികംപേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന സ്വപ്നപദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായത്. പദ്ധതി സമര്‍പ്പണവേളയില്‍ ഈ പഞ്ചായത്തുകളില്‍നിന്ന് കുടുംബശ്രീ പ്രവര്‍ത്തകരടക്കം ആയിരക്കണക്കിനുപേരാണ് എത്തിയത്.