20 September Thursday

പ്രളയബാധിതരെ സഹായിക്കാൻ വിദേശ ഹസ‌്തങ്ങളും

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
വർക്കല  
പ്രളയബാധിതരെ സഹായിക്കാൻ വർക്കലയിൽനിന്ന് വിദേശ ഹസ്തങ്ങളും. സംസ്ഥാനത്ത് പ്രളയ ദുരന്ത മേഖലകളിൽ കഴിയുന്ന ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിന്  ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവർ സമാഹരിച്ച് വർക്കല താലൂക്ക് ഓഫീസിൽ എത്തിച്ച ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ, തുണിത്തരങ്ങൾ, പാത്രങ്ങൾ, നോട്ട് ബുക്കുകൾ, എന്നിവ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കളക്ഷൻ സെന്ററായ പ്രിയദർശിനി ഹാളിൽ എത്തിച്ചു.
കൗണ്ടറിലെത്തിയ സാധനങ്ങൾ സൈന്യത്തിന്റെ ട്രക്കുകളിൽ കയറ്റി സംസ്ഥാനത്തെ ഒറ്റപ്പെട്ട് കിടക്കുന്ന ദുരന്തമേഖലകളിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 
സാധനങ്ങൾ ശേഖരിക്കുന്ന കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കും. വർക്കല താലൂക്കിൽ വെള്ളിയാഴ്ച രാത്രിയിൽ  17 വീടുകൾ ഭാഗികമായി തകർന്നു. മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 150 ലേറെ പേർ കഴിയുന്നു. വർക്കല ഗവ. എൽപിജിഎസിൽ 23 കുടുംബങ്ങളിലായി 29 കുട്ടികൾ, 29 സ്ത്രീകൾ, 19 പുരുഷന്മാർ എന്നിങ്ങനെ 77 പേരും ഇടവ വെൺകുളം ഗവ. എൽപിഎസിൽ 25 കുടുംബങ്ങളിലായി 21 കുട്ടികൾ, 33 സ്ത്രീകൾ, 22 പുരുഷന്മാർ എന്നിങ്ങനെ 76 പേരും ശിവഗിരി കൺവൻഷൻ സെന്ററിൽ നാല് കുടുംബങ്ങളിലായി ഏഴു പേരും താമസിച്ച് വരുന്നു. ദുരിതാശ്വാസ കേന്ദ്രങ്ങൾ എ സമ്പത്ത് എംപി, വി ജോയി എംഎൽഎ എന്നിവർ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
Top