23 September Sunday

ചങ്ങാതിയാണ‌് ‘ഒഡിഷ’യ‌്ക്ക‌് മലയാളം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

കിൻഫ്രയിലെ ‘ചങ്ങാതി’ പദ്ധതി പഠിതാക്കൾ

തിരുവനന്തപുരം ‘ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത‌്’ മലയാളത്തിനും ഇടംകൊടുത്ത‌് ഒരുകൂട്ടം ഒഡിഷക്കാരികൾ.  മലയാളത്തിന്റെ മധുരം ആവോളം നുകരുകയാണ‌് ഒഡിഷയിൽനിന്നുള്ള 72 വനിതകൾ. കഴക്കൂട്ടം കിൻഫ്രയിലെ വിവിധ തൊഴിൽസ്ഥാപനങ്ങളിലെ ജോലിക്കാരാണ‌് ഈ ഒഡിഷക്കാർ. മലയാളത്തിനോട‌് ഇവർക്ക‌് ഇഷ്ടംകൂടിയത‌് സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിയിൽ പഠിതാക്കളായതോടെയാണ‌്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ‘ചങ്ങാതി’ തങ്ങളുടെ മനസ്സറിഞ്ഞാണെന്നാണ‌് ഇവരുടെ പക്ഷം. ആദ്യമൊന്നും പിടിതരാതിരുന്ന മലയാളം അക്ഷരങ്ങൾ ഒഡിഷക്കാരോട‌് ചങ്ങാത്തം കൂടിക്കഴിഞ്ഞു. 
കിൻഫ്രയുടെ ഹോസ്റ്റലിലാണ‌് പഠനം. ഇവർക്കൊപ്പം മലയാളം പഠിക്കാൻ ഒരു തമിഴ‌്നാട‌് സ്വദേശിനിയുമുണ്ട‌്.   മൂന്ന് ബാച്ചിലായാണ് പഠനം. തിങ്കൾമുതൽ ശനിവരെ വൈകിട്ട് 6.15 മുതൽ രണ്ടു ബാച്ചും ഞായറാഴ്ച വൈകിട്ട് നാല് മുതൽ ഒരു ബാച്ചുമായാണ് ക്ലാസ‌്.ക്ലാസുകൾ സജീവമായതോടെ പഠനത്തിന് താല്പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ എണ്ണവും കൂടി. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ആദ്യം നടപ്പാക്കിയ  “ചങ്ങാതി’  മികച്ച പ്രതികരണത്തെ തുടർന്ന‌്‌ മറ്റു ജില്ലകളിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശ്വയംഭരണസ്ഥാപനത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
  കിൻഫ്ര വനിതാ ഹോസ്റ്റലിലെ പഠനകേന്ദ്രം സന്ദർശിച്ച ഡയറക്ടർ ഡോ.പി എസ് ശ്രീകല “ചങ്ങാതി’ സാക്ഷരതാപാഠാവലി ഹമാരി മലയാളത്തിന്റെ ഡിജിറ്റൽ രൂപം പഠിതാക്കളെ പരിചയപ്പെടുത്തി. 
അതിഥിത്തൊഴിലാളികൾ ഒത്തുകൂടുന്ന കവലകൾ, “ചങ്ങാതി’ പദ്ധതിക്കായി ക്രമീകരിച്ചിരിക്കുന്ന പഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇലക്ട്രോണിക്സ് സംവിധാനം പ്രയോജനപ്പെടുത്തി ഡിജിറ്റൽ ബുക്ക് ജനകീയമാക്കാനാണ് സാക്ഷരതാമിഷൻ ലക്ഷ്യം. സംസ്ഥാനത്ത‌് ആകെ 5268 ചങ്ങാതി പഠിതാക്കളാണുള്ളത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top