Top
22
Thursday, June 2017
About UsE-Paper
പനിപ്രതിരോധം

ഉറവിടനശീകരണത്തിന് പ്രത്യേക ടീം നാളെ പരിശീലനം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രത്യേക ടീം രംഗത്ത്. ആരോഗ്യവകുപ്പും കോര്‍പറേഷനുമായി സംയുക്തമായാണ് 100 വാര്‍ഡിലും കൊതുകുകളുടെ ഉറവിടനശീകരണത്തിനായി പ്രത്യേക ടീമിനെ രംഗത്തിറക്കുന്നത്. ഇതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗംചേരും. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി വിലയിരുത്താനും അടിയന്തരമായി നടത്തേണ്ട പ്രവര്‍ത്തനം ആസൂത്രണംചെയ്യാനുമാണ് യോഗം.

പരിശീലനംലഭിച്ച പ്രത്യേക ടീം ഞായറാഴ്ച മുഴുവന്‍ വാര്‍ഡിലും ഉറവിടനശീകരണം നടത്തും.

ടീംരൂപീകരണത്തിന് മുന്നോടിയായി കുടുംബശ്രീ എഡിഎസുമാര്‍,കോര്‍പറേഷനിലെ ജെഎച്ച്ഐ, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഉറവിടനശീകരണത്തില്‍ ചൊവ്വാഴ്ച പരിശീലനം നല്‍കും. തുടര്‍ന്ന് ഇവര്‍ മാസ്റ്റര്‍ ട്രെയ്നര്‍മാരായി കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന മൂന്നംഗസംഘത്തിന് പരിശീലനംനല്‍കും. മൂന്നംഗ ടീമില്‍ ഒരാള്‍ പുരുഷനായിരിക്കും. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും ഇവര്‍ക്കുള്ള പരിശീലനം.  25 വീടുകള്‍ക്ക് ഒരു ടീം എന്നനിലയായിരിക്കും 100 വാര്‍ഡിലും ഉറവിടനശീകരണ പ്രവര്‍ത്തനം. റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളുടെ സഹായവും ടീമിന് ഉറപ്പാക്കും. വാര്‍ഡ് കേന്ദ്രീകരിച്ച് കൌണ്‍സിലര്‍മാരുടെ മേല്‍നോട്ടത്തിലാകും പരിശീലനം.

തുടര്‍ന്ന് ഞായറാഴ്ച മുഴുവന്‍ വീടുകളിലും ഉറവിടനശീകരണം നടത്തും. ദേശീയ ആരോഗ്യദൌത്യത്തില്‍നിന്നാകും പരിശീലനത്തിനുള്ള ചെലവ് കണ്ടെത്തുക. തുടര്‍ന്ന് എല്ലാമാസവും നാലാമത്തെ ഞായറാഴ്ചയില്‍ ഉറവിടനശീകരണത്തിന് ടീം രംഗത്തിറങ്ങും.

ഇതേസമയം ജില്ലയില്‍ പകര്‍ച്ചപ്പനി തുടരുന്ന സാഹചര്യത്തില്‍ ശുചീകരണപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചു. പഞ്ചായത്തുകള്‍ ഇതുവരെ നടത്തിയ ശുചീകരണപ്രവര്‍ത്തനം വിലയിരുത്തി. മണ്‍സൂണ്‍ ഇടവേളയില്‍ പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നിര്‍ദേശിച്ചു. വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചയും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈഡേ കര്‍ശനമായി ആചരിക്കണം.