17 November Saturday

കനത്തമഴ: വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ആഴാകുളം പെരുമരത്ത് ഷീജയുടെ ഓടിട്ടവീട് മഴയിൽ തകർന്നപ്പോൾ

കോവളം
കനത്തമഴയിൽ വിഴിഞ്ഞം അടിമലത്തുറയിലും തിരുവല്ലം ലങ്കയിലും പൂവാറിലും  വ്യാപക നാശനഷ്ടം. കാർഷിക കോളേജ്‐ കാക്കാമൂല റോഡ് വെള്ളത്തിനടിയിൽ. വെങ്ങാനൂർ പഞ്ചായത്തിലെ പനങ്ങോട് ആർകെഎൻ റോഡിൽ ബിനുവിന്റെ വീടിനു മുകളിൽ കുന്നിടിഞ്ഞ് വീണ് ചുമർ ഇടിഞ്ഞു.
ആഴാകുളം പെരുമരത്ത് ഷീജയുടെ ഓടുമേഞ്ഞവീട്  ഭാഗികമായി തകർന്നു. കോട്ടുകാൽ പഞ്ചായത്തിലെ അമ്പലത്തുംമൂല, അടിമലത്തുറ വാർഡുകളിലെ ആറ‌് വീടു തകർന്നു. ആട്ടറമൂല കരിച്ചൽ കായൽ കടലിലേക്ക് എത്തിച്ചേരുന്ന ഭാഗങ്ങളിലെ വീടുകളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്.  അമ്പലത്തുംമൂല സ്വദേശികളായ ശോഭ ബെൻസിക, ലീല ബീഹാൻ, റീത്തമ്മ എന്നിവരുടെയും അടിമലത്തുറ വാർഡിലെ പൗലോസ്, മുടിയപ്പൻ കാർലു എന്നിവരുടെ വീടുകളാണ് തകർന്നത്. തിരുവല്ലത്ത് ലങ്കയിൽ വെള്ളം കയറുകയും ലങ്കാ സ്വദേശികളായ രാജേന്ദ്രൻ, അശോക കുമാരി എന്നിവരുടെ കുടുംബാംഗങ്ങളെ സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ‌്തു. ഇടയാർ, വേങ്കറ, കൊല്ലംതറ, കരിഭാഗം, കരയാർ ഭാഗങ്ങൾ  വെള്ളപ്പൊക്ക ഭീഷണിയിലാണ്. 
 
ശക്തമായ കാറ്റിലും മഴയിലും മുട്ടയ്ക്കാട് ‐കടവിൻമൂല റോഡിന് കുറുകെ വൃക്ഷങ്ങൾ വൈദ്യുതക്കമ്പിയുടെ കുറുകെ കടപുഴകിയതിനെത്തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടു. വിഴിഞ്ഞത്തുനിന്ന‌് ഫയർഫോഴ്സ്  യൂണീറ്റെത്തി വൃക്ഷങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പാച്ചല്ലൂർ  ചുടുകാട് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിന് മുന്നിൽ ഇലക്ട്രിക് പോസ്റ്റിൽ തെങ്ങ് വീണ് പോസ്റ്റ് ഒടിഞ്ഞു. ഇവിടെ അരമണിക്കൂറോളം വൈദ്യുതി നിലച്ചു. തിരുവല്ലം, കരുമം ജഡ്ജിക്കുന്ന് ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് പൊലീസെത്തി ഇവിടെയുള്ളവരെ മാറ്റി. വെള്ളായണി, കല്ലിയൂർ, പാലപ്പൂർ, കാക്കാമൂല, മുട്ടയാക്കാട്, വെങ്ങാനൂർ, വെണ്ണിയൂ‌ർ പ്രദേശങ്ങളിൽ വൻ കൃഷിനാശമാണ് സംഭവിച്ചിത്. ഓണവിപണി ലക്ഷ്യമിട്ടുള്ള പച്ചക്കറി, വാഴ എന്നിവ വെള്ളത്തിനടിയിലാണ‌്.
 
കടലാക്രമണഭീഷണി നേരിടുന്ന വിഴിഞ്ഞം, കോട്ടപ്പുറം, പനത്തുറ, അടിമലത്തുറ എന്നീ തീരദേശത്തുള്ള വീടുകളിലുള്ളവർ മാറിത്താമസിക്കാൻ പൊലീസ് നിർദേശം നൽകി. പൂവാർ ബണ്ട് റോഡിന്റെ വശങ്ങളിലെ 30 വീട്ടിൽ വെള്ളം കയറി. കുടുംബങ്ങളിലെ മുഴുവൻ  ആളുകളെയും ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.
 
 
 
 
പ്രധാന വാർത്തകൾ
Top