26 September Wednesday

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018
ആറ്റിങ്ങൽ
നഗരസഭയുടെ ആഭിമുഖ്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ ഇതുവരെയായി നഗരാതിർത്തിയിൽ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. വലിയകുന്ന് താലൂക്ക്‌ ആശുപത്രിയിൽ പനി ക്ലിനിക്‌ ആരംഭിച്ചിട്ടുണ്ട്‌. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 43 ഡെങ്കിപ്പനി കേസുകൾ കണ്ടെത്തിയിരുന്നു.  ഈ വർഷം കരുതലോടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചതാണ‌് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിഞ്ഞത്‌. മഴ ആരംഭിക്കുന്നതിനു മുമ്പുതന്നെ വീടുകളിൽനിന്നും പൊതു സ്ഥലങ്ങളിൽനിന്നുമുള്ള മാലിന്യങ്ങൾ നഗരസഭാ ഹെൽത്ത്‌ വിഭാഗവും വാർഡ്‌ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജനകീയ സമിതികളും ചേർന്ന് രണ്ടു ഘട്ടങ്ങളിലായി നീക്കംചെയ്തിരുന്നു.
 മെഡിക്കൽ ക്യാമ്പുകളും പ്രതിരോധപ്രവർത്തനങ്ങളും സംഘടിപ്പിച്ച്‌ വരികയാണ‌്. 19നു കടുവയിൽ അങ്കണവാടി, 20നു എസിആർഎ റസിഡൻസ്‌ അസോസിയേഷൻ, 21 നു പതിനഞ്ചാം സന്നിധി ഓഡിറ്റോറിയം, 25 നു മേലാറ്റിങ്ങൽ എൽപി സ്കൂൾ, അഞ്ചാം വാർഡ്‌ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ മെഡിക്കൽ ക്യാമ്പുകളും പ്രതിരോധ മരുന്നു വിതരണവും നടക്കും. 
ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, സിദ്ധആശുപത്രി എന്നിവിടങ്ങളിൽനിന്നും കൊല്ലമ്പുഴയിലെ ആയുർവേദ സബ്‌ സെന്ററിൽനിന്നും ആലംകോട്‌ ഹോമിയോ സബ്‌ സെന്ററിൽ നിന്നും പ്രതിരോധ മരുന്നുകൾ ലഭിക്കും. കൊടുമൺ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സൗജന്യ ആയുർവേദ മരുന്നു വിതരണം ചെയർമാൻ എം പ്രദീപ്‌ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ മഞ‌്ജു എം എസ്‌, ജി തുളസീധരൻപിള്ള, ഡോ. കവിത നായർ, നഗരസഭാ ഹെൽത്ത്‌ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 രണ്ടാം ഘട്ടമായി കോളനികൾ ഉൾപ്പെടെ ജനവാസമേഖലകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക ആരോഗ്യ ജാഗ്രതാസമിതി അംഗങ്ങൾ നേരിട്ടെത്തി പരിശോധനയും വൈദ്യസഹായവും നൽകും. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ അഞ്ച്‌ ഡോക്ടർമാരുടെ അധിക സേവനംകൂടി ഏർപ്പെടുത്തും.
 
പ്രധാന വാർത്തകൾ
Top