14 December Friday

കണ്ണമ്മൂല കവർച്ച: പ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻUpdated: Monday Sep 17, 2018
തിരുവനന്തപുരം
കോളിളക്കം സൃഷ്ടിച്ച കണ്ണമ്മൂല കവർച്ചക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞു. ഞായറാഴ‌്ച പേട്ട പൊലീസ് സ്റ്റേഷനിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് കുപ്രസിദ്ധ കുറ്റവാളി വിജയ് ഗോപിനാഥ് ചൗഹാനെ (40) വീട്ടമ്മ തിരിച്ചറിഞ്ഞത്. എന്നാൽ, മോഷണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന‌് ചൗഹാൻ പൊലീസിന‌് മൊഴി നൽകി.  
ഇയാളുടെ പങ്ക് സ്ഥിരീകരിക്കുന്നതിനായി തലമുടിയും വിരലടയാളങ്ങളും തിങ്കളാഴ‌്ച ഫോറൻസിക്കിന് പരിശോധനയ‌്ക്ക‌്  കൈമാറും. 2009 ജൂണിലാണ് കണ്ണമ്മൂലയിൽനിന്ന് നാലു മുക്കിലേക്കുവരുന്ന റോഡിനുസമീപത്തെ വീട്ടിൽ  ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഒമ്പതംഗ കവർച്ചസംഘം കട്ടിലിൽ വരിഞ്ഞുകെട്ടി  ശരീരത്തിലുണ്ടായിരുന്ന ഒമ്പതുപവൻ ആഭരണവും പണവും ബെൻസ് കാറും മോഷ്ടിച്ചത്. എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ കാർ ഉപേക്ഷിച്ച് സംഘം ട്രെയിനിൽ ചെന്നൈയിലേക്കു കടന്നു.  
താമ്പരത്തിനടുത്ത് തീർഥംകരണിയിലും സമാനരീതിയിൽ മോഷണം നടത്തിയ സംഘം പിന്നീട് വീണ്ടും കേരളത്തിലെത്തി തൃശൂർ, കോഴിക്കോട്, വടകര എന്നിവിടങ്ങളിലും കവർച്ച നടത്തി മുംബൈക്കുപോകുകയായിരുന്നു. സംഘത്തിൽപ്പെട്ട പുണെ അഹമ്മദ് നഗർ അശോക് നഗർ സ്വദേശികളായ വികാസ് ഗോഡ്ജി ചവാനെയും ഹനുമാെനെയും മധ്യപ്രദേശിലെത്തി സിറ്റി ഷാഡോ പൊലീസ് സംഘം പിടികൂടിയെങ്കിലും കഴിഞ്ഞ ജൂലൈയിലാണ് വിജയ് ഇൻദോർ പൊലീസിന്റെ വലയിലാകുന്നത്. 
തുടർന്ന് ചെന്നൈ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരുടെ ചോദ്യംചെയ്യലുകൾക്ക് ശേഷം ശനിയാഴ‌്ചയാണ് സിറ്റി പൊലീസ് ഇയാളെ തിരുവനന്തപുരത്തെത്തിച്ചത്. പ്രതിയെ ചൊവ്വാഴ‌്ച കോടതിയിൽ ഹാജരാക്കിയശേഷം ബുധനാഴ‌്ച മധ്യപ്രദേശിലെ ദിവാസ് ജയിലിലേക്ക് കൊണ്ടുപോകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top