20 October Saturday

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പശുക്കൾക്ക‌് പുതിയ ഗോശാല

വിജയ‌്Updated: Monday Sep 17, 2018

പത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ േഗാശാല

തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പശുക്കൾക്കായി പുതിയ ഗോശാല നിർമിച്ചു. ഗോശാല ട്രസ്റ്റ് എന്നപേരിൽ ഒരുസംഘം നടത്തുന്ന അനധികൃത ഗോശാലയിൽ പാർപ്പിച്ചിരുന്ന ക്ഷേത്രത്തിന്റെ പത്ത‌് പശുക്കളെയാണ‌് മാറ്റിയത‌്. അനധികൃത ഗോശാലയിൽ പശുക്കൾക്ക‌് പീഡനം എന്ന ദേശാഭിമാനി വാർത്തയെത്തുടർന്നാണ‌് നടപടി. ക്ഷേത്രത്തിന്റെ  പടിഞ്ഞാറെനടയിലുള്ള  നമ്പി മഠത്തിലാണ് സൗകര്യങ്ങളുള്ള പുതിയ ഗോശാല നിർമിച്ചത്.
   ക്ഷേത്രത്തിന്റെ ആവശ്യത്തിനുള്ള പാൽ നൽകാനെന്ന പേരിലാണ‌് ചില സിനിമാപ്രവർത്തകരും ഹിന്ദുസംഘടനാ പ്രവർത്തകരും ചേർന്ന‌് ഗോശാല ട്രസ്റ്റിന‌്  തുടക്കമിട്ടത‌്. ചില സിനിമാനടന്മാർ സൗജന്യമായി പശുക്കളെയും നൽകി. എന്നാൽ, ഉദ‌്ഘാടനശേഷം ട്രസ്റ്റ് അംഗങ്ങളാരും പശുക്കളെ തിരിഞ്ഞുനോക്കിയില്ല. ക്ഷേത്രത്തിലെ പശുക്കളെയും ഈ ഗോശാലയ‌്ക്ക‌് വിട്ടുനൽകിയിരുന്നു. ഇവിടെ പശുക്കൾക്ക‌് അവഗണനയാണെന്ന വാർത്ത അറിഞ്ഞതോടെയാ‌ണ‌് ക്ഷേത്രത്തിലെ പശുക്കളെ മാറ്റാൻ ഭരണസമിതി തീരുമാനിച്ചത‌്.
   അനധികൃത ഗോശാലയിൽ മിണ്ടാപ്രാണികൾക്ക് പീഡനമേൽക്കുന്നുവെന്നുള്ള വാർത്ത പുറത്തുവന്നതോടെ കോട്ടയ്ക്കകം പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. ക്ഷേത്രഭരണസമിതിക്ക‌് പരാതിയും നൽകി. തുടർന്നാണ്  ക്ഷേത്രത്തിന്റെ പശുക്കൾക്കായി പുതിയ ഗോശാല നിർമിച്ചത്.
അതേസമയം ശോചനീയാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ വന്നിട്ടും  ട്രസ്റ്റിന്റെ ഗോശാലയുടെ സ്ഥിതിയിൽ മാറ്റമില്ല.  ഇവിടെ ബാക്കിയുള്ള 30 പശുക്കൾക്ക‌് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമില്ല.
പ്രധാന വാർത്തകൾ
Top