15 October Monday

2 മണിക്കൂറിൽ വർക്കല താലൂക്ക് നൽകിയത് 1.34 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018
വർക്കല താലൂക്ക് രണ്ട് മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 1,34,47,061 രൂപ സമാഹരിച്ചു. വർക്കല നഗരസഭ കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച ധനസമാഹരണ യജ്ഞത്തിന് പിന്തുണയുമായി നാടിന്റെ നാനാഭാഗത്ത്നിന്ന‌് ഒഴുകിയെത്തിയവരിൽ നിന്ന‌് ചെറുതും വലുതുമായ തുകകൾ ടൂറിസം മന്ത്രി കടകംപള്ളി  സുരേന്ദ്രൻ ഏറ്റുവാങ്ങി. 
12 വില്ലേജുകൾ മാത്രമുള്ള വർക്കല താലൂക്കാണ് ഏറ്റവുമധികം തുക സഹായമായി നൽകിയത്. 30 ലക്ഷം രൂപയുടെ ചെക്ക് തഹസിൽദാർ മന്ത്രിക്ക് കൈമാറി. 
വർക്കല ബ്ലോക്ക് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന‌് 16, 21,610 രൂപയുടെ ചെക്ക് ബ്ലോക്ക് പ്രസിഡന്റ് എം കെ യൂസഫും വി ജോയി എംഎൽഎയ്ക്ക് ലഭിച്ച 14 ലക്ഷവും മന്ത്രിക്ക് കൈമാറി. ഇതിന് പുറമെ ശിവഗിരിമഠം ഒരു കോടി രൂപയും വി ജോയി എംഎൽഎ മണ്ഡലത്തിൽനിന്ന‌് 40 ലക്ഷവും വർക്കല താലൂക്കിലെ വിവിധ തദ്ദേശസ്ഥാപനങ്ങൾ 40 ലക്ഷം രൂപയും നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. 
ഗവൺമെന്റ്‌ പ്രകൃതി ചികിത്സാ ആശുപത്രി രണ്ട് ലക്ഷം രൂപ നൽകി. വാണിജ്യ, വ്യാവസായിക, ധനകാര്യ,വിദ്യാഭ്യാസ, ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിലെ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, ട്രേഡ് യൂണിയനുകൾ, വ്യക്തികൾ, ഉദ്യോഗസ്ഥരടക്കം നിരവധി പേർ അകമഴിഞ്ഞ് സഹായവുമായെത്തി. 
ചടങ്ങിൽ വി ജോയി എംഎൽഎ അധ്യക്ഷനായി. ബി സത്യൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. 
എ സമ്പത്ത് എംപി, കലക്ടർ കെ വാസുകി, ഡെപ്യൂട്ടി കലക്ടർ എസ് ജെ വിജയ, വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top