25 May Friday

ആറ്റുകാൽ ക്ഷേത്ര നഗരത്തിന് 10 കോടിയുടെ മാസ്റ്റർ പ്ലാൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018
തിരുവനന്തപുരം > സംസ്ഥാന സർക്കാർ ആറ്റുകാൽ ക്ഷേത്രത്തിലും പരിസരത്തുമായി 10 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുന്നു. ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവലോകനയോഗത്തിൽ അറിയിച്ചു.
 
ക്ഷേത്ര പരിസരത്ത് 1250 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, ആയിരത്തോളം തീർഥാടകർക്ക് വിശ്രമിക്കാവുന്ന പന്തൽ എന്നിവയടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ആധുനിക അടുക്കളയും അന്നദാനമണ്ഡപ കോംപ്ലക്സിലുണ്ടാകും. അന്നദാനമണ്ഡപം വിവിധോദ്ദേശങ്ങൾക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമിക്കുക.കിള്ളിയാറിന് കുറുകെ മൂന്ന് പാലം നിർമിക്കും. അത്യാധുനിക സ്റ്റീൽ പാലങ്ങളാണ് നിർമിക്കുക. ആറ് മീറ്റർ വീതിയിലുള്ള നടപ്പാതയും നിർമിക്കും. പൊങ്കാല അടക്കമുള്ള തിരക്കുകളിൽ അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ അതിവേഗം ഒഴിപ്പിക്കാവുന്ന തരത്തിലാകും വലിയ നടപ്പാതകൾ ഒരുക്കുക. പ്രത്യേകം സ്ഥലം ഏറ്റെടുക്കാതെ തന്നെ മാസ്റ്റർ പ്ലാൻ നടപ്പാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ട്രസ്റ്റിന്റെ അനുമതിപത്രം ലഭ്യമാക്കുന്നതിന് അനുസരിച്ച് നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള നിർദേശം നൽകുമെന്നും അറിയിച്ചു. ക്ഷേത്രാചാരങ്ങൾക്കും പൗരാണികതയ്ക്കും കോട്ടം തട്ടാത്ത രീതിയിലുള്ള ആധുനിക നിർമാണ പ്രവർത്തനങ്ങളാണ്  ലക്ഷ്യം വയ്ക്കുന്നത്. 
 
യോഗത്തിൽ ഒ രാജഗോപാൽ എംഎൽഎ, മുൻ എംഎൽഎ വി ശിവൻകുട്ടി, മുൻ മേയർ സി ജയൻ ബാബു, ആറ്റുകാൽ വാർഡ് കൗൺസിലർ ബീന, ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ആർ രവീന്ദ്രൻനായർ, പ്രസിഡന്റ് വി ചന്ദ്രശേഖരപിള്ള, സെക്രട്ടറി ശിശുപാലൻനായർ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ ആർ ഗോപിനാഥൻനായർ, ജോയിന്റ് ജനറൽ കൺവീനർ പി കെ കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top