14 December Friday
പദ്ധതിക്ക് ഇന്ന് തുടക്കം

ചെറുകിട കർഷകർക്ക് ചാകരയ്ക്കായ് മുറ്റത്തൊരുമീൻ തോട്ടം

സുരേഷ് വെട്ടുകാട്ട്Updated: Wednesday Nov 14, 2018

ആയിരംതെങ്ങ് ഫിഷറീസ് ഹാച്ചറി

കരുനാഗപ്പള്ളി
ആഭ്യന്തര മത്സ്യോൽപ്പാദനരംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മുറ്റത്തൊരു മീൻതോട്ടം പദ്ധതിക്ക് വ്യാഴാഴ‌്ച തുടക്കമാകും. രാവിലെ 10ന‌് ആയിരംതെങ്ങ് ഫിഷ് ഫാമിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പദ്ധതി ഉദ്ഘാടനം ചെയ്യും. ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. മത്സ്യക്കൃഷി മേഖലയില വൻകിടക്കാർക്കൊപ്പം ചെറുകിട മത്സ്യകർഷകരെയും പ്രോത്സാഹിപ്പിച്ച് അതുവഴി ആഭ്യന്തര മത്സ്യോൽപ്പാദന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനാണ‌് പദ്ധതി ലക്ഷ്യമിടുന്നത‌്. വീടിനു മുന്നിൽ തയ്യാറാക്കുന്ന ചെറിയ കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അവയെ വളർത്തി മത്സ്യോൽപ്പാദനം വർധിപ്പിക്കുന്നതാണ്  പദ്ധതി. ഫിഷറീസ് ഹാച്ചറികളിൽനിന്ന‌് ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെയും ഓരുജല മത്സ്യക്കുഞ്ഞുങ്ങളെയും കൃഷിചെയ്യുന്നതിനായി ചെറുകിട കർഷകർക്ക് ലഭ്യമാക്കും. മത്സ്യക്കൃഷിയിൽ കർഷകർക്കായി ഫിഷറീസ് വകുപ്പ് പ്രത്യേക പരിശീലനവും നൽകും. ഏജൻസി ഫോർ ഡെവലപ്മെന്റ‌് ഓഫ് അക്വാകൾച്ചറിന്റെ (അഡാക്ക്) സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഓരോ ജില്ലയിൽനിന്നും തെരഞ്ഞെടുക്കുന്ന മത്സ്യകർഷകർക്ക് പരിശീലനം നൽകി പദ്ധതിയുടെ ഭാഗമാക്കും. ഓരുജല മത്സ്യക്കൃഷിയിലും  ശുദ്ധജല മത്സ്യക്കൃഷിയിലും  പ്രത്യേകം പരിശീലനം നൽകും.  ഇതിൽ യുവാക്കൾക്കും സ്ത്രീകൾക്കുമാണ‌് മുൻഗണന. കുളം കുഴിക്കുന്നതിലും മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിലും പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഫിഷറീസ് വകുപ്പിന്റെ സഹായം ലഭ്യമാക്കും.  ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരംതെങ്ങിൽ പ്രവർത്തിക്കുന്ന മത്സ്യോപ്പാദനകേന്ദ്രത്തിൽ ഓരുജല മത്സ്യക്കുഞ്ഞുങ്ങളെയാണ് ഉൽപ്പാദിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ശുദ്ധജല മത്സ്യോൽപ്പാദന കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിൽനിന്ന‌് മത്സ്യക്കുഞ്ഞുങ്ങളെ കർഷകർക്കു ലഭ്യമാക്കും. വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനുശേഷം ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നു തെരഞ്ഞെടുത്ത മത്സ്യകർഷകർക്കായി ആദ്യഘട്ട പരിശീലനം നൽകും. ഫിഷ് ഫാമിലെ ട്രെയ‌്നിങ‌് സെന്ററിലാണ് പരിശീലനം. പദ്ധതി പൂർണതോതിൽ നടപ്പാകുന്നതോടെ ആഭ്യന്തര മത്സ്യോൽപ്പാദനരംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്.
പ്രധാന വാർത്തകൾ
Top