Top
20
Wednesday, September 2017
About UsE-Paper

സമ്പന്ന ക്ളബ്ബിന്റെ പാട്ടക്കുടിശ്ശിക തിരികെപ്പിടിക്കല്‍ മാതൃകാപരം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം ടെന്നീസ് ക്ളബ്ബ്

തിരുവനന്തപുരം > സ്വകാര്യ സ്ഥാപനമായ തിരുവനന്തപുരം ടെന്നീസ് ക്ളബ്ബിന്റെ കോടികളുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളിയത് തിരിച്ചുപിടിക്കാനുള്ള മന്ത്രിസഭാ തീരുമാനം യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ട നീക്കത്തിനേറ്റ തിരിച്ചടി. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നേരിട്ടാണ് സമ്പന്ന ക്ളബ്ബിന് കോടികളുടെ ആനുകൂല്യം അനുവദിച്ചത്. എന്നാല്‍, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നേരിട്ട് നല്‍കിയ ആനൂകൂല്യം തിരിച്ചുപിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടെന്നീസ് ക്ളബ്ബിനുള്ള പാട്ടക്കുടിശ്ശികയില്‍ 11 കോടി രൂപയുടെ ഇളവാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് അനുവദിച്ചത്. 11,09,10,955 രൂപയുടെ പാട്ടക്കുടിശ്ശികയുള്ള ക്ളബ്ബിനെതിരെ ജപ്തിനടപടി ആരംഭിച്ചതോടെ രണ്ടര ലക്ഷം രൂപമാത്രം ഈടാക്കി നഗരമധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ഭൂമി വീണ്ടും പാട്ടത്തിനു നല്‍കാന്‍ 2016 ഫെബ്രുവരി 25ന് നടന്ന യുഡിഎഫ് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പായിരുന്നു അന്യായമായ ഇളവ് അനുവദിക്കല്‍.  ക്ളബ് സെക്രട്ടറി നല്‍കിയ അപേക്ഷയുടെ പുറത്ത് ഇവ  അജന്‍ഡയ്ക്ക് പുറത്തുള്ള കാര്യമായി മന്ത്രിസഭായോഗത്തില്‍ വയ്ക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കുറിപ്പെഴുതി. തുടര്‍ന്ന് പാട്ടക്കുടിശ്ശികയുടെ 0.2 ശതമാനം മാത്രം ഈടാക്കാനും ജപ്തി നടപടി അവസാനിപ്പിച്ച് പാട്ടം പുതുക്കി നല്‍കാനും അന്നത്തെ മന്ത്രിസഭ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തലേദിവസമായ 2016 മാര്‍ച്ച് മൂന്നിന് റവന്യൂവകുപ്പ് ഇതിന്റെ ഉത്തരവും ഇറക്കി. നിയമ വകുപ്പിന്റെ അഭിപ്രായംതേടാതെയായിരുന്നു അന്ന് കോടികളുടെ സൌജന്യം അനുവദിച്ചത്. കവടിയാറില്‍ കണ്ണായ സ്ഥലത്ത് കോടികള്‍ വിലമതിക്കുന്ന 4.27 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണ് ടെന്നീസ് ക്ളബ്ബിന്റെ കൈവശമുള്ളത്. ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ അഞ്ചുശതമാനമാണ് പാട്ടത്തുക.  വര്‍ഷങ്ങളായി ക്ളബ് ഈ പാട്ടത്തുക അടച്ചിരുന്നില്ല. ഇതോടെ പാട്ടം പുതുക്കി നല്‍കേണ്ടെന്ന്  ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അവ അവഗണിച്ച് ക്ളബ് ഭൂമി അനധികൃതമായി കൈവശം വച്ചുപോന്നു. ഇതോടെ അക്കൌണ്ടന്റ് ജനറല്‍ ഇടപെട്ടു. കുടിശ്ശിക ഈടാക്കാന്‍ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എജി മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് 2014 ഒക്ടോബര്‍ 31 മുതല്‍ 2016 മാര്‍ച്ച് 31വരെ പാട്ടക്കുടിശ്ശികയായി 11,09.10,955 രൂപ 15 ദിവസത്തിനകം അടയ്ക്കാന്‍ 2015 സെപ്തംബര്‍ 22ന്  കലക്ടര്‍ ക്ളബ്ബിന് നോട്ടീസ് നല്‍കി. അടച്ചില്ലെങ്കില്‍ ജപ്തി നടപടി ആരംഭിക്കുമെന്നും മുന്നറിയിപ്പു നല്‍കി. അപ്പോഴാണ് ക്ളബ് ഭാരവാഹികള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയതും രണ്ടര ലക്ഷംരൂപ മാത്രം ഈടാക്കി കോടികളുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളാന്‍ തീരുമാനിച്ചതും. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത കടുംവെട്ട് തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി എ കെ ബാലന്റെ അധ്യക്ഷതയില്‍ മന്ത്രിതല ഉപസമിതിയും രൂപീകരിച്ചു. ഈ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാട്ടക്കുടിശ്ശിക റദ്ദാക്കിയത് തിരികെപ്പിടിക്കാനുള്ള  തീരുമാനം.