15 November Thursday

എയ്തുകൊണ്ടാൻകാണി‐പനയംമൂല പാലപ്പള്ളി റോഡ് നിർമാണം പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

പാറശാല

കരാറുകാരൻ പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച  കൊല്ലയിൽ  പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡായ എയ്തുകൊണ്ടാൻകാണി‐പനയംമൂല പാലപ്പള്ളി റോഡിന്റെ  നിർമാണം പുനരാരംഭിച്ചു. പിഎംജിഎസ‌്‌വൈ  പദ്ധതിയിൽപ്പെടുത്തി ഫണ്ട് അനുവദിച്ച്  നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കരാറുകാരൻ നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഇക്കാര്യം  സികെ ഹരീന്ദ്രൻ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിലൂടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി റീടെൻഡർ ചെയ്തുപണി പുനരാരംഭിക്കാനായി. ഈ റോഡിന്റെ അവസ്ഥ കാണിച്ച‌് ഗ്രാമവികസന മന്ത്രാലയത്തിൽ കത്ത് നൽകിയെങ്കിലും നിർമാണ കാലാവധി കഴിഞ്ഞതിനാൽ കരാർ പുതുക്കി നൽകാനാവില്ലെന്ന്  അറിയിച്ചിരുന്നു. തുടർന്ന് എംഎൽഎ ധനവകുപ്പിൽ കത്ത് നൽകി സർക്കാർ തലത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് ഇതേ പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തിയാണ‌് ഒരുകോടി ആറു ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയത്. പിഎംജിഎസ‌്‌വൈ പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് ടെൻഡർ നടപടികൾ പൂർത്തിയാക്കി പുതിയ കോൺട്രാക്ടർക്ക് നിർമ്മാണ ചുമതല നല്കുകയും ചെയ്തു. അമ്പലംജങ‌്ഷനിൽ നിർമാണ ഉദ്ഘാടനം സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു. കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് വി എസ് ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം സി ബേബി, പനയംമൂല വാർഡംഗം ഷീന സുഭാഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ‌് ജെ രാജു, മുൻ പഞ്ചായത്തംഗം ശ്രീകുമാരൻ നായർ, ആർ ശശികുമാരൻ നായർ, രവീന്ദ്രൻ നായർ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. അതിവേഗം നിർമാണപ്രവർത്തനം പൂർത്തിയാക്കി റോഡ് നാടിന് സമർപ്പിക്കുമെന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ അറിയിച്ചു.

പ്രധാന വാർത്തകൾ
Top