Top
23
Thursday, November 2017
About UsE-Paper

അമ്പൂരിയില്‍ നൂറോളം ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐ എമ്മുമായി സഹകരിക്കും

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

വെള്ളറട > അമ്പൂരിയില്‍ നൂറോളം ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കുടിയേറ്റഗ്രാമമായ അമ്പൂരി കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ണായിരുന്നു. എന്‍കോച്ചുകാരെന്ന ഇടനിലക്കാരും വന്‍കിട എസ്റ്റേറ്റുകളും കൈയടക്കാന്‍ ശ്രമിച്ച ഭൂമിയില്‍ കുടിയേറ്റക്കാരായെത്തിയവര്‍ക്ക് മണ്ണ് നല്‍കാന്‍ കര്‍ഷകസംഘം നടത്തിയ പ്രക്ഷോഭമായിരുന്ന ഐതിഹാസികമായ കാണിപ്പറ്റ് കര്‍ഷകസമരം ഇവിടെയാണ് നടന്നത്. 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ കാലത്താണ് പട്ടയം കര്‍ഷകന് അനുവദിച്ചുകിട്ടാനുള്ള നടപടി തുടങ്ങിയത്.എന്നാല്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് അകലം പാലിച്ചുവരികയായിരുന്നു അമ്പൂരിയുടെ ഭൂരിപക്ഷം കുടുംബങ്ങളും.


കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനുശേഷം ആയിരക്കണക്കിനു പേര്‍ പല ഘട്ടങ്ങളിലായി സിപിഐ എമ്മുമായി സഹകരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച ലീഡ് ലഭിച്ചു. അമ്പൂരിയുടെ മുഖഛായ മാറ്റുന്ന തരത്തില്‍ മലയോര ഹൈവേ, കുമ്പിച്ചല്‍കടവ് പാലം തുടങ്ങി നിരവധി വികസനപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അമ്പൂരിയിലെ കോണ്‍ഗ്രസ് ഗ്രൂപ്പുയുദ്ധം പലപ്പോഴും തെരുവുസംഘട്ടനങ്ങളില്‍ അവസാനിച്ചിട്ടുണ്ട്. മനംമടുത്ത എഴുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയുടെ വര്‍ഗീയകാഴ്ചപ്പാടിനോട് യോജിക്കാന്‍ കഴിയാത്ത മുപ്പതിലേറെ ബിജെപിപ്രവര്‍ത്തകരുമാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച വൈകിട്ട് അമ്പൂരി ജങ്ഷനില്‍ നടക്കുന്ന പൊതുയോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇവര്‍ക്ക് സ്വീകരണം നല്‍കും.