24 September Monday
ഓണാഘോഷ പരിപാടി സംബന്ധിച്ച തര്‍ക്കം

ശ്രീചിത്ര ജീവനക്കാര്‍ സമരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

തിരുവനന്തപുരം 

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിലെ ജീവനക്കാരുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട തർക്കത്തിൽ ലേബർ കമീഷണറുടെ ഉത്തരവും മാനേജ്മെന്റ് അം​ഗീകരിക്കുന്നില്ലെന്ന് പരാതി.  സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ 20 വർഷമായി നടത്തിവരുന്ന ഓണാഘോഷ പരിപാടിയും നിർധനരോ​ഗികൾക്ക് ഓണസദ്യയും ഓണക്കോടി വിതരണവും  നടത്താൻ ഇത്തവണ ഡയറക്ടർ സ്ഥലം  അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണ്  യൂണിയൻ റീജ്യണൽ ലേബർ കമീഷണറെ സമീപിച്ചത്. എന്നാൽ, മാനേജ്മെന്റ് പ്രതിനിധിയും സ്റ്റാഫ് യൂണിയനും പങ്കെടുത്ത ചർച്ചയിൽ ജീവനക്കാർക്ക്  കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാൻ നിർദേശിച്ചെങ്കിലും നാലുദിവസം പിന്നിട്ടിട്ടും ഡയറക്ടർ തയ്യാറായില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഡയറക്ടർക്ക് നിർദേശം നൽകി. അതിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഇനിയും അവ​ഗണന തുടർന്നാൽ ഡയറക്ടറെ ഉപരോധിക്കുന്നത‌് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സ്റ്റാഫ് യൂണിയൻ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റ് എട്ട് സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങളായി അച്യുതമേനോൻ സെന്റർ അങ്കണത്തിലാണ് സ്റ്റാഫ് യൂണിയൻ ഓണാഘോഷ പരിപാടികൾ നടത്തിവരുന്നത്. ഇത്തവണ സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഡയറക്ടറെ സമീപിച്ചതുമുതൽ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഡയറക്ടറുടെ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പുസമരവും നടത്തി. എന്നിട്ടും ചർച്ചയ്ക്ക് തയ്യാറായില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top