Top
22
Monday, January 2018
About UsE-Paper

കാണാം വര്‍ണക്കാഴ്ചകള്‍

Saturday Jan 13, 2018
വെബ് ഡെസ്‌ക്‌
കോര്‍പറേഷന്‍ വളപ്പില്‍ ഒരുക്കിയ കാവ്യശില്‍പ്പം
തിരുവനന്തപുരം > ലോകമെങ്ങുമുള്ള മലയാളികളെ കേരളമെന്ന  കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന ലോക കേരളസഭയുടെ ഭാഗമായി നഗരത്തില്‍ കലയുടെ കാര്‍ണിവല്‍. കൊച്ചി-മുസിരിസ് ബിനാലെക്കു സമാനമായി വൈവിധ്യമാര്‍ന്ന സാംസ്കാരിക വിസ്മയമാണ് നഗരത്തിലെ വിവിധ വേദികളില്‍ ഒരുക്കിയിരിക്കുന്നത്. പ്രവാസ ജീവിതത്തെ ആധാരമാക്കിയുള്ള ട്രാവലിങ് ഇന്‍സ്റ്റലേഷനുകളാണ് 11 വേദിയിലായി ഒരുക്കിയത്. 
നിയമസഭാ കവാടത്തില്‍ മലയാളികളുടെ ആദിമ പ്രവാസം എന്ന വിഷയത്തില്‍ കാനായി കുഞ്ഞിരാമന്‍ ഒരുക്കിയ ഇന്‍സ്റ്റലേഷന്‍ ശ്രദ്ധേയം. കാനായിയുടെ ആദ്യ ഇന്‍സ്റ്റലേഷനാണിത്. ഇതിന്റെ സമീപത്തുള്ള ഗ്ളോബ് ഇന്‍സ്റ്റലേഷനില്‍ മുഖ്യമന്ത്രിയും ലോക കേരളസഭ അംഗങ്ങളും കൈയൊപ്പ് ചാര്‍ത്തി. ഓഖി ദുരന്തത്തില്‍ വേര്‍പെട്ടുപോയ സഹോദരങ്ങള്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍ സ്മൃതി മണ്ഡപവും നിയമസഭാ കവാടത്തിലുണ്ട്. 
ഫൈന്‍ ആര്‍ട്സ് കോളേജ് ക്യാമ്പസിന്റെ ചുവരുകള്‍ ഗ്രാഫിറ്റി ആര്‍ട്ടുകളാല്‍ അലങ്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാങ്കണത്തില്‍  'ദുബായിലെ വെയില്‍വഴികള്‍' എന്ന ലൈറ്റ് ആന്‍ഡ് സൌണ്ട് പോയട്രി ഇന്‍സ്റ്റലേഷന്‍ ഷോ ഒരുക്കിയിട്ടുണ്ട്. നടന്‍ ജോയ് മാത്യുവിന്റേതാണ് രചനയും വിവരണവും. പ്രവാസ ജീവിതത്തിന്റെ ത്യാഗപൂര്‍ണമായ ഏടുകളെ വരച്ചുകാട്ടുന്നതാണ് ഈ പ്രദര്‍ശനം. പബ്ളിക് ലൈബ്രറിയില്‍ അറേബ്യന്‍ പ്രവാസത്തെക്കുറിച്ചുള്ള ഇന്‍സ്റ്റലേഷനും മലയാളി പ്രവാസ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ട്. ടൂറിസം ഓഫീസില്‍ ഒരുക്കിയിട്ടുള്ള സെല്‍ഫി കോര്‍ണറില്‍ വിവിധ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാം. പബ്ളിക് ഓഫീസില്‍ അറേബ്യന്‍ പ്രവാസം എന്ന ഇന്‍സ്റ്റലേഷനും ട്രാന്‍സ്ജന്‍ഡര്‍ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. 
മ്യൂസിയം വളപ്പില്‍ കേരളം കടന്നുവന്ന ചരിത്രവഴികള്‍ അടയാളപ്പെടുത്തുന്ന പുരാരേഖകളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ആര്‍ക്കൈവ്സ്, ആര്‍ക്കിയോളജി വകുപ്പുകളാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. രാജാരവിവര്‍മയുടെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസഗീതങ്ങള്‍, പ്രവാസ കവിതകള്‍ തുടങ്ങിയവയുടെ അവതരണവുമുണ്ട്. കൊച്ചി-മുസിരിസ് ബിനാലെയുടെ നായകരില്‍ ഒരാളായ റിയാസ് കോമുവും സംഘവും ഒരുക്കിയ 'എന്ന പോണേ' എന്ന 20 അടി ഉയരമുള്ള ഇന്‍സ്റ്റലേഷന്‍ കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിലാണ് ഒരുക്കിയിട്ടുള്ളത്. 
ഭാരത്ഭവനാണ് ലോക കേരളസഭയുടെ ഭാഗമായുള്ള സാംസ്കാരിക വിനിമയ വിരുന്ന് എകോപിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മള്‍ട്ടിമീഡിയ മെഗാഷോ 'പ്രവാസ മലയാളം' അരങ്ങേറും. 200 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ ആവിഷ്കാരം സംവിധായകന്‍ പ്രമോദ് പയ്യന്നൂരാണ്.