23 October Tuesday

സര്‍ഗചാരുതയുടെ നിറദീപ്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

ലോക കേരളസഭയുടെ ഭാഗമായി സംഘടിപ്പിച്ച മോഹിനിയാട്ടം

തിരുവനന്തപുരം > ലോക കേരള സഭയ്ക്ക് സ്വാഗതമോതി കലയുടെ സമ്മോഹന കാഴ്ചകള്‍. എട്ടുദിക്കുകളില്‍ രൂപം കൊണ്ട കലകള്‍ കോര്‍ത്തിണക്കിയ ദൃശ്യാഷ്ടകവും  മലയാള തനിമയും പെരുമയും വിളിച്ചോതും മുദ്രാഗാനവും ലോക കേരള പ്രവാസി സംഗമത്തിനേകി നൂറഴക്. ലോക കേരള സഭയുടെ ഭാഗമായി സംഘടപ്പിച്ച കലാപരിപാടികള്‍ സര്‍ഗോത്സവത്തിന്റെ പൂരമായി.
ജയരാജ് വാര്യരുടെ വാമൊഴി ചന്തത്തോടെയായിരുന്നു ദൃശ്യാഷ്ടകത്തിന്റെ അവതരണം. ഭാഷയുടെ മധുരം ശബ്ദത്തില്‍ നിറച്ചു ജയരാജ് വാര്യര്‍. മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വിക്കാണ് ദൃശ്യാഷ്ടകം സമര്‍പ്പിച്ചത്. കവിയുടെ ശബ്ദം ജയരാജ് വാര്യര്‍ അനുകരിച്ചപ്പോള്‍ ഒരുവട്ടം കൂടി ആസ്വാദക മനസ്സില്‍ ഒഎന്‍വിയുടെ മുഖം തെളിഞ്ഞു, ചുണ്ടുകള്‍ കവിയുടെ വരികള്‍ മൂളി. അതുല്യനടന്‍ ഭരത് ഗോപിയുടെ ശബ്ദത്തില്‍ കൂടിയാട്ടത്തിന്റെ സവിശേഷതകള്‍ ജയരാജ് വാര്യര്‍ വിവരിച്ചതോടെ അരങ്ങുണര്‍ന്നു.  
യുനെസ്കോയുടെ അംഗീകാരം നേടി കേരളത്തിന്റെ കലാപൈതൃകത്തിന് അഭിമാന തിളക്കം ചാര്‍ത്തിയ കൂടിയാട്ടമായിരുന്നു വേദിയില്‍ ആദ്യം. പിന്നാലെ അരങ്ങില്‍ ഉറഞ്ഞുതുള്ളി തെയ്യകോലങ്ങള്‍. തെയ്യങ്ങള്‍ വേദി ഒഴിഞ്ഞ ശേഷം  ചവിട്ടുനാടകം, പുലികളി, മോഹിനിയാട്ടം, പൂപ്പടയാട്ടം-വിളക്ക് കളി, ഒപ്പന, പടയണി എന്നിവ കലയുടെ പെരുങ്കളിയാട്ടം തീര്‍ത്തു. ഒരോ അവതരണത്തിനും മുമ്പായി  മലയാളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക നായകരായ ഒ എന്‍ വി, കടമ്മനിട്ട,  സുകുമാര്‍ അഴീക്കോട്, എം ടി, മുന്‍ മുഖ്യമന്ത്രിമാരായ ഇ കെ നായനാര്‍, കെ കരുണാകരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ അനുകരണത്തിലൂടെ ജയരാജ് ആസ്വാദകരില്‍ എത്തിച്ചപ്പോള്‍ മുഴങ്ങി കൈയ്യടി. ദൃശ്യാഷ്ടകത്തിന് ശേഷം കവി പ്രഭാവര്‍മയുടെ വരികള്‍ക്ക് ശരത് ഈണം നല്‍കിയ മുദ്രാഗാനം ആസ്വാദക മനം കവര്‍ന്നു. മുദ്രാഗാനത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങില്‍ നിറഞ്ഞ ചേതോഹരമായ നൃത്തചുവടുകളില്‍ കലാസ്വാദകര്‍ സ്വയംമറന്നു. സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ദൃശ്യാഷ്ടകത്തിന്റെ ആവിഷ്കാരം നിര്‍വഹിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top