Top
18
Wednesday, October 2017
About UsE-Paper

തലസ്ഥാന വികസനത്തിന് മുന്തിയ പരിഗണന: മുഖ്യമന്ത്രി

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌
ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം (ഫ്രാറ്റ്) സംഘടിപ്പിച്ച 'സ്മാര്‍ട്ട് സിറ്റിയും ലൈറ്റ് മെട്രോയും: അനന്തപുരിയുടെ തിലകക്കുറി' സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം > തലസ്ഥാന വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. തലസ്ഥാനജില്ലയുടെ വികസനത്തിന് 2500 കോടിരൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം (ഫ്രാറ്റ്) സംഘടിപ്പിച്ച  'സ്മാര്‍ട്ട് സിറ്റിയും ലൈറ്റ് മെട്രോയും: അനന്തപുരിയുടെ തിലകക്കുറി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


1548 കോടിരൂപ ചെലവിലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. 4219 കോടിരൂപയാണ് ലൈറ്റ് മെട്രോയുടെ ചെലവ്. പേര് ലൈറ്റ് മെട്രോ എന്നാണെങ്കിലും ഇത് ഒരു ആഡംബര പദ്ധതിയോ ചെറിയ പദ്ധതിയോ അല്ല. ഉള്ളൂര്‍, പട്ടം മേല്‍പ്പാലങ്ങളുടെ നിര്‍മാണം, റോഡുകളുടെ വീതികൂട്ടല്‍ എന്നിവ വേഗത്തിലാക്കും. വലിയതുറ, വിഴിഞ്ഞം പദ്ധതികള്‍, ജൈവവൈവിധ്യ മ്യൂസിയം, കോവളം- കൊല്ലം ജലപാത, പാര്‍വതി പുത്തനാര്‍ നവീകരണം എന്നിവ പൂര്‍ത്തിയാകുന്നതോടെ തലസ്ഥാനനഗരിയുടെ മുഖച്ഛായ മാറും. ജലപാതയൊരുക്കുന്നത് പ്രത്യേക കമ്പനി രൂപീകരിച്ചാണ്  . വിഴിഞ്ഞം പദ്ധതി 2019ല്‍ കമീഷന്‍ ചെയ്യാനാണ് ലക്ഷ്യം. പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ തടസ്സങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കും. അന്യായതടസ്സങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയും ചെയ്യില്ല.


കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമായ ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവുമാണ് കേരളത്തെ കാത്തിരിക്കുന്നത്. ജലസ്രോതസ്സുകളുടെ സംരക്ഷണം, പുനര്‍നവീകരണം, കിണര്‍ റീചാര്‍ജിങ്ങിലൂടെ മഴവെള്ളശേഖരണം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുമായി റസിഡന്‍സ് അസോസിയേഷനുകള്‍ സഹകരിക്കണം. ജല ഉപഭോഗത്തിന്റെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ ആവശ്യം. വീടുകളില്‍നിന്ന് ഒലിച്ചുപോകുന്ന മഴവെള്ളം ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫ്രാറ്റിന്റെ 23-ാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം പബ്ളിക് ലൈബ്രറിഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ വി കെ പ്രശാന്ത് വിഷയം അവതരിപ്പിച്ചു. കൌണ്‍സിലര്‍  എം ആര്‍ ഗോപകുമാര്‍, ഹരികുമാര്‍, ജോണ്‍ മുണ്ടക്കയം എന്നിവര്‍ സംസാരിച്ചു. പുഞ്ചക്കര രവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം എസ് വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!