17 July Tuesday

ശിശുക്ഷേമസമിതിയുടെ ശിശുദിനാഘോഷം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017
തിരുവനന്തപുരം > സംസ്ഥാന ശിശുക്ഷേമസമിതിയുടെ ശിശുദിനാഘോഷത്തിന് സമാപനം. മൂന്നാഴ്ചയോളം നീണ്ട വര്‍ണോത്സവത്തിന്റെ സമാപനയോഗത്തില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമ്മാനദാനം നിര്‍വഹിച്ചു. സമിതി വൈസ് പ്രസിഡന്റ് അഴീക്കോടന്‍ചന്ദ്രന്‍ അധ്യക്ഷനായി. 
ട്രഷറര്‍ രാധാകൃഷ്ണന്‍, ആര്‍ രാജു, അരുണ്‍ ഗോപി, എം റണ്‍ദീഷ് എന്നിവര്‍ സംസാരിച്ചു. സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് സ്വാഗതം പറഞ്ഞു. വര്‍ണോത്സവത്തില്‍ വിവിധ സ്കുളുകളില്‍നിന്നായി 1500 കുട്ടികള്‍ പങ്കെടുത്തു. ബാലപ്രതിഭയായി അഷിത് കെ അജിത്തും (ഡോ. ജി ആര്‍ പബ്ളിക് സ്കൂള്‍, നെയ്യാറ്റിന്‍കര), ബാലതിലകമായി പി എം ദേവാനന്ദയും (സ്കൂള്‍ ഓഫ് ഗുഡ് ഷെപ്പേര്‍ഡ്, ആക്കുളം) തെരഞ്ഞെടുക്കപ്പെട്ടു. കലാപ്രതിഭ: നിഖില്‍ മനു (സര്‍വോദയ വിദ്യാലയ, നാലാഞ്ചിറ), കലാതിലകം: ആര്‍ അഭിരാമി (സരസ്വതി വിദ്യാലയ, വട്ടിയൂര്‍ക്കാവ്), ഇഷിക ഷിനോ വിനോദ് (ഗവ. എച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, നെടുമങ്ങാട്). 
വര്‍ണോത്സവത്തില്‍ 111 പോയിന്റ് നേടി കവടിയാര്‍ നിര്‍മലാഭവന്‍ എച്ച്എസ്എസ് ജേതാക്കളായി. 107 പോയിന്റോടെ ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തെത്തി.  നേഴ്സറി കലോത്സവത്തില്‍ വഴുതക്കാട് കാര്‍മല്‍ നേഴ്സറി സ്കൂളും കവടിയാര്‍ നിര്‍മലാഭവന്‍ നേഴ്സറിയും ജേതാക്കളായി.
പ്രധാന വാർത്തകൾ
Top