20 October Saturday

ശ്രീധരൻപിള്ളയുടെ ശ്രമം കലാപമുണ്ടാക്കാൻ : മന്ത്രി മണി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

പള്ളിച്ചൽ സദാശിവൻ ദിനാചരണത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം ജങ‌്ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

ബാലരാമപുരം > വക്കീൽ കോട്ടണിഞ്ഞ് കോടതിയെയും ജനങ്ങളെയും കബളിപ്പിച്ച് നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുടെ ശ്രമമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പള്ളിച്ചൽ സദാശിവന്റെ പതിനഞ്ചാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം ജങ‌്ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിയെ കോൺഗ്രസും ബിജെപിയും ആർഎസ്എസും ദേശീയ തലത്തിൽ അംഗീകരിച്ചതാണ്. എന്നാൽ, കേരളത്തിൽ ഇവർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ജനജീവിതം തടസ്സപ്പെടുത്തി വൃത്തികെട്ട സമരത്തിന് നേതൃത്വം നൽകുന്നു. വിധി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനല്ലെന്നും രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയാണെന്ന സാമാന്യ ബോധമെങ്കിലും വക്കീലായ പിള്ളയ്ക്കുണ്ടാവണം. റിവ്യൂ ഹർജി എപ്പോഴാണ് നൽകേണ്ടതെന്ന ധാരണ പോലുമില്ലാതെ കോട്ടും ഗൗണുമണിഞ്ഞ് കോടതിയെയും ജനങ്ങളെയും പറ്റിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നവോത്ഥാന നായകന്മാർ ഉഴുതുമറിച്ച മണ്ണാണ് കേരളം. സർവ മനുഷ്യർക്കും ആത്മാഭിമാനവും നാട്ടിൽ സമസ്തൈശ്വര്യങ്ങളും ഒരുക്കിയത് കമ്യൂണിസ്റ്റ് സർക്കാരുകളും നേതാക്കളുമാണ്. ഇതെല്ലാം വിസ്മരിച്ച് നടത്തുന്ന പ്രക്ഷോഭത്തിനെതിരെ ജനങ്ങൾ അണിനിരക്കും. ശബരിമലയിൽ താൽപ്പര്യമുള്ളവർ മാത്രം പോയാൽ മതിയെന്നും സിപിഐ എം ആരെയും പോകാൻ നിർബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 
യോഗത്തിൽ പി മണികണ്ഠൻ അധ്യക്ഷനായി. അഡ്വ. എ സമ്പത്ത് എംപി, ഐ ബി സതീഷ് എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം എം ബഷീർ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, എസ് കൃഷ്ണൻ, മുരളീധരൻനായർ, ടി മല്ലിക, എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. നരുവാംമൂട് ലോക്കൽ കമ്മിറ്റിയിലെ വിവിധ ബ്രാഞ്ചുകളിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും മന്ത്രി എം എം മണി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് കൃഷ്ണനിൽനിന്ന് ഏറ്റുവാങ്ങി.
രാവിലെ പള്ളിച്ചൽ സദാശിവന്റെ സ്മൃതികുടീരത്തിൽ നൂറുകണക്കിന് വർഗ ബഹുജന സംഘടനാ നേതാക്കളും പാർടി കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
Top