15 December Saturday

നവരാത്രി ഉത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
തിരുവനന്തപുരം > ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവത്തിന‌് ബുധനാഴ്ച തുടക്കമായി. നവരാത്രിയുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളിൽ സംഗീതോത്സവമുണ്ട‌്. ദേവീക്ഷേത്രങ്ങളിലും വീടുകളിലും പാരമ്പര്യരീതിയിൽ ബൊമ്മക്കൊലുവും ഒരുക്കിയിട്ടുണ്ട്. 17ന് ദുർഗാഷ്ടമിയും 18ന് മഹാനവമിയുമാണ്. 
ദുർഗാഷ്ടമിക്ക് വീടുകളിലും ക്ഷേത്രങ്ങളിലും പൂജവയ്ക്കും. വിജയദശമി ദിവസമായ 19ന് രാവിലെ പൂജയെടുപ്പിനെ തുടർന്ന് വിദ്യാരംഭം നടക്കും. 
പദ്മനാഭപുരത്തുനിന്ന‌് ഘോഷയാത്രയായി ചൊവ്വാഴ്ച രാത്രിയോടെ നഗരത്തിലെത്തിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് ബുധനാഴ്ച രാവിലെ പൂജ തുടങ്ങി. സരസ്വതി വിഗ്രഹം കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും വേളിമല കുമാരസ്വാമി വിഗ്രഹം ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റിനങ്കയുടെ വിഗ്രഹം ചെന്തിട്ട ഭഗവതിക്ഷേത്രത്തിലുമാണ് പൂജിക്കുന്നത്. 
കോട്ടയ്ക്കകത്ത് നവരാത്രി സംഗീതോത്സവം ബുധനാഴ്ച ആരംഭിച്ചു. 19ന് പൂജയെടുപ്പിന് ശേഷം 500 കുട്ടികളെ എഴുത്തിനിരുത്തും. ഇതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 19ന് രാവിലെ പൂജപ്പുര മണ്ഡപത്തിലേക്ക് പൂജയെടുപ്പ് എഴുന്നള്ളത്ത‌് നടക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വേദവ്യാസ നടയിലും വിദ്യാരംഭം നടക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top