17 November Saturday

മലിനജലം തുറന്നുവിട്ടതിനെച്ചൊല്ലി സംഘർഷം; 3 സ്ത്രീകൾ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
കഴക്കൂട്ടം 
മാസങ്ങളായി  വെള്ളം കെട്ടിനിന്ന്  ഗതാഗതയോഗ്യമല്ലാതായിരുന്ന  കാര്യവട്ടം‐കുറ്റിച്ചൽ‐ ശാസ്താ റോഡിൽ വെള്ളമൊഴുക്കിവിടുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ സ്ഥലവാസികളായ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ‌്ച  രാവിലെ ഏഴിനായിരുന്നു സംഭവം. ജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്തവിധം വെള്ളക്കെട്ടായി കിടക്കുന്ന ഈ റോഡിൽ വെള്ളം ഒലിച്ചുപോകുന്നതിന് ഓടയും തെറ്റിയാർ തോടിലേക്കുപോകുന്നതിനുള്ള വഴിയും ഉണ്ടായിരുന്നതായി  നാട്ടുകാർ പറയുന്നു. എന്നാൽ, ഇവിടത്തെ ഒരു വീട്ടുകാർ വെള്ളം ഒഴുകി പോകുന്നതിന‌് തടസ്സം  ഉണ്ടാക്കി ചാക്കിൽ കോൺക്രീറ്റ് നിറച്ച് ഓട സ്ഥിരമായി അടയ്ക്കാറുണ്ടെന്നാണ് ആക്ഷേപം. മലിനജലം കെട്ടിക്കിടക്കുന്നതുമൂലം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ കഴിഞ്ഞദിവസം ഓട തുറന്ന് ജലം ഒഴുക്കിവിട്ടിരുന്നു. 
 
അർധരാത്രി വീട്ടുകാർ വീണ്ടും ഓട അടച്ചതോടെ രാവിലെ നാട്ടുകാർ അത‌്  ചോദിക്കാനെത്തി. ചോദിക്കാനെത്തിയ നാട്ടുകാരെ പ്രകോപനം കൂടാതെ വീട്ടുടമയായ സ്ത്രീയുടെ നേതൃത്വത്തിൽ മർദിച്ചെന്നാണ‌് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നൂറ്റമ്പതോളം പ്രദേശവാസികൾ പ്രതിഷേധവുമായി ശ്രീകാര്യം സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. വിഷയത്തിൽ പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ നിന്ന‌് അനാവശ്യ ഇടപെടലുകൾ നടത്തുന്നുവെന്ന് ആരോപിച്ച‌് കാര്യവട്ടത്തെ, പ്രതിപക്ഷനേതാവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ വീട്ടിൽ കുറ്റിച്ചൽ പ്രദേശത്തെ നാട്ടുകാർ തടിച്ചുകൂടി. മലിനജലം കെട്ടിക്കിടക്കുന്നതുമൂലം സാംക്രമികരോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച്  ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top