26 September Wednesday

രണ്ടരയേക്കറിൽ ജൈവപച്ചക്കറി കൃഷിയുമായി കോട്ടപ്പുറം കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018
ചിറയിൻകീഴ്
ചിറയിൻകീഴ് പഞ്ചായത്തിലെ കോട്ടപ്പുറത്തെ കുടുംബശ്രീ വനിതകൾ രണ്ടരയേക്കറിൽ  നടത്തുന്ന ജൈവപച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ‌് എസ് ഡീന നിർവഹിച്ചു. കോട്ടപ്പുറം വാർഡിൽ എല്ലാ വീടുകളിലും പച്ചക്കറികൃഷി നടത്തുകയെന്ന ലക്ഷ്യമിട്ട‌് എട്ടുമാസമായി പ്രവർത്തനം നടത്തിവരികയാണ്. ഇരുനൂറിലധികം വീടുകളിൽ ഇതിനകം പച്ചക്കറി കൃഷി വ്യാപിച്ചു. ഇതിന്റെ തുടർച്ചയായി പരമാവധി തരിശുഭൂമിയിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന്റെ ഭാഗമായാണ് സംഘകൃഷി ആരംഭിച്ചത്. പത്തു കുടുംബശ്രീ വനിതകളടങ്ങുന്ന സംഘമാണ്  ഒരു ഹെക്ടറിൽ കൃഷി നടത്തുന്നത‌്. 
 
വാർഡിൽ മറ്റ് അഞ്ചു കുടുംബശ്രീ ഗ്രൂപ്പുകളും സംഘകൃഷി ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ രണ്ട് ഹെക്ടർ തരിശുഭൂമിയിലാണ് കൃഷിയിറക്കുന്നത്. ഇതിന്റെ മണ്ണൊരുക്കൽ, തടമെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ  തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്തത്. സർക്കാരിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന പദ്ധതിയുടെയും ചിറയിൻകീഴ് പഞ്ചായത്ത്‌ നടത്തുന്ന ഊർജിത പച്ചക്കറികൃഷി പരിപാടിയുടെയും ഭാഗംകൂടിയാണിത്.
 
ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൺ ആർ സരിത, പഞ്ചായത്ത‌് അംഗങ്ങളായ പഞ്ചമം സുരേഷ്, ബീജ സുരേഷ്, സിപിഐ എം ശാർക്കര ലോക്കൽ സെക്രട്ടറി പി മുരളി, മഞ്ചാടിക്കൂട് ബ്രാഞ്ച് സെക്രട്ടറി യു സലിംഷാ, സിഡിഎസ് ചെയർപേഴ്സൺ മായാംബിക, വൈസ് ചെയർപേഴ്സൺ ജ്യോതിലക്ഷ്മി, കൃഷി ഓഫീസർ അനിൽകുമാർ, തൊഴിലുറപ്പ് എൻജിനിയർ ഗ്രേഷ്മ, കർഷകസംഘം സെക്രട്ടറി കെ ജെ സുധീഷ്, എഡിഎസ് സെക്രട്ടറി സുമ, അജിത്, ഗോപാലകൃഷ്ണൻ, കൃഷി വാർഡ് കൺവീനർ റീന, കിഴുവിലം തൊഴിൽസേന പ്രസിഡന്റ‌് വി എസ് കണ്ണൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ എഡിഎസ് ചെയർപേഴ്സൺ ദിവ്യ സ്വാഗതവും സിഡിഎസ് അംഗം പ്രേമലത നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top