15 October Monday
നോട്ട് നിരോധന ദുരന്ത വാര്‍ഷികദിനം

മഴയെ കൂസാതെ പ്രതിഷേധത്തിന്റെ അലയടി

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

നോട്ട് നിരോധനദുരന്തദിനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജില്ലയിലെ തൊഴിലാളികളും ജീവനക്കാരും ആര്‍ബിഐ മേഖലാ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം > ജനജീവിതം ദുരിതപൂര്‍ണമാക്കി രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ച മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അഖിലേന്ത്യാതലത്തില്‍ ഇടതു സംഘടനകള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. പാളയത്തുനിന്ന് ആരംഭിച്ച മാര്‍ച്ചിലും  യോഗത്തിലും കനത്ത മഴയെയും കൂസാതെ ആയിരങ്ങള്‍ അണിനിരന്നു. 
പ്രതിഷേധയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നേതാക്കളായ ഡോ. എ നീലലോഹിതദാസന്‍നാടാര്‍,  ഉഴമലയ്ക്കല്‍ വേണുഗോപാല്‍,  അഡ്വ. തേവലക്കര ബലദേവ്,  സ്കറിയ തോമസ്,  കല്ലമ്പള്ളി ശിവജി, എം എം മാഹീന്‍,  ജി സുഗുണന്‍,  പി സി ഉണ്ണിച്ചെക്കന്‍,  അഡ്വ. ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സ്വാഗതം പറഞ്ഞു. എം വിജയകുമാര്‍, വി ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍നായര്‍, സത്യന്‍ മൊകേരി, ജി ആര്‍ അനില്‍, അഡ്വ. വി കെ പ്രശാന്ത് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.  
 
തൊഴിലാളികളും ജീവനക്കാരും പ്രതിഷേധജ്വാല തീര്‍ത്തു 
തിരുവനന്തപുരം > സമസ്ത മേഖലയെയും തകര്‍ത്ത നോട്ട് നിരോധനദുരന്തദിനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജില്ലയിലെ തൊഴിലാളികളും ജീവനക്കാരും കേന്ദ്ര പൊതുമേഖലാ സ്ഥപനങ്ങളിലെ ജീവനക്കാരും ആര്‍ബിഐ മേഖലാ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കനത്ത മഴയത്തും മൂന്നു മണിക്കൂറിലേറെ പ്രതിഷേധ കൂട്ടായ്മ തുടര്‍ന്നു. വൈകിട്ട് അഞ്ചിന് പാളയത്തുനിന്ന് മാര്‍ച്ച് ആരംഭിച്ചു. മോഡി മണ്ടന്‍ പ്രഖ്യാപനം നടത്തിയ രാത്രി എട്ടിന്, സാമ്പത്തിക അരാജകത്വത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ ഐക്യത്തോടെ മുന്നേറുമെന്ന പ്രഖ്യാപനവുമായി ബുധനാഴ്ച സമരം അവസാനിച്ചു. ലഘുചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. ഓട്ടോ, ടാക്സി തൊഴിലാളികള്‍ അടക്കം സമരത്തില്‍ അണിചേര്‍ന്നു. സിഐടിയു, ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, എല്‍ഐസി എംപ്ളോയീസ് യൂണിയന്‍, ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍, ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ളോയീസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. 
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ പ്രതിഷേധയോഗവും കൂട്ടായ്മയും ഉദ്ഘാടനംചെയ്തു. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ബുദ്ധിഹീന തീരുമാനങ്ങളില്‍ ഒന്നായിരുന്നു നോട്ട് അസാധുവാക്കലെന്ന് വിജയരാഘവന്‍ പറഞ്ഞു. അപകടദിനത്തിന്റെ വാര്‍ഷികത്തെ ആഹ്ളാദ ദിനമായി ആഘോഷിക്കുന്ന അപഹാസ്യമായ കാഴ്ചയാണ് രാജ്യത്ത് നടക്കുന്നത്. മോഡിയുടെ പ്രഖ്യാപനങ്ങളില്‍ പാവപ്പെട്ടവരും തൊഴിലാളികളും ഉയര്‍ത്തിയ ആശങ്ക ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. 
സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയന്‍ബാബു അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി വി ശിവന്‍കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സുനില്‍കുമാര്‍, എന്‍ജിഒ യൂണിയന്‍ ട്രഷറര്‍ സി കെ ദിനേശ്കുമാര്‍, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം എന്നിവര്‍ സംസാരിച്ചു. ബാബുരാജ്  സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top