വര്‍ക്കല > ബാങ്കിലും സൈന്യത്തിലും ഉള്‍പ്പെടെ ജോലി വാഗ്ദാനം നല്കി പലരില്‍നിന്ന് കോടികള്‍ തട്ടിയ തിരുവനന്തപുരം വഞ്ചിയൂര്‍ കുന്നുംപുറം ചിന്മയ സ്കൂളിന് സമീപം കൃഷ്ണശ്രീയില്‍ മഞ്ജുളനായരെ (44) ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി വര്‍ക്കല സിഐ പി വി രമേഷ്കുമാര്‍ അറിയിച്ചു.
ബാങ്കിലും സൈന്യത്തിലും കെപ്കോ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനംചെയ്ത് വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയ മഞ്ജുളനായരെ കഴിഞ്ഞ ദിവസമാണ് വര്‍ക്കല പൊലീസ് അറസ്റ്റുചെയ്തത്. വര്‍ക്കല സ്റ്റേഷനില്‍ മാത്രം ഇവര്‍ക്കെതിരെ പത്തോളം പരാതി ലഭിച്ചു. തട്ടിപ്പ് കേസിലെ കൂട്ടുപ്രതികളായ വടകര സ്വദേശി സുരേഷ്, കായംകുളം സ്വദേശി ഗീത എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. നിയമനം ലഭിച്ചതായ വ്യാജക്കത്ത് തയ്യാറാക്കിയിരുന്നത് ഗീതയാണ്. ഫെഡറല്‍ ബാങ്കില്‍ ക്ളര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് വര്‍ക്കല വെട്ടൂര്‍ മങ്ങാട് വീട്ടില്‍ ജിജിദേവിയില്നിന്ന് എട്ട് ലക്ഷവും സഹോദരിക്ക് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് കരുനിലക്കോട് കാരക്കോട് കാര്‍ത്തികയില്‍ ജയേഷില്നിന്ന് 11 ലക്ഷവും തട്ടി. നിയമന ഉത്തരവും നല്കി. കത്ത് വ്യാജമാണെന്ന് മനസ്സിലായതോടെ ഇവര്‍ വര്‍ക്കല പൊലീസില്‍ പരാതി നല്കി. തുടര്‍ന്നുളള അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി തിരുവനന്തപുരത്ത് പുളിമൂട്ടില്‍ റെഡ് കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തുകയായിരുന്നു മഞ്ജുളനായരും വടകര സ്വദേശിയായ സുരേഷും. ഇതിനിടെ, സൈന്യത്തില്‍ ജോലി വാഗ്ദാനം നല്കി ഇടവ പാറയില്‍ മോഹന വിലാസത്തില്‍ വിഷ്ണുവില്നിന്ന് നാലു ലക്ഷം തട്ടിയതിന് അയിരൂര്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരത്ത് കെപ്കോയില്‍ എല്‍ഡി ക്ളര്‍ക്ക് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പാലോട് സ്വദേശി രേഖയില്‍നിന്ന് നാലു ലക്ഷം വാങ്ങി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.