16 November Friday
ലൈഫ് പദ്ധതി

തിരുവനന്തപുരം ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ നിർമിക്കുന്ന ആദ്യഘട്ട വീടുകളുടെ നിർമാണം അന്തിമഘട്ടത്തിൽ.

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
തിരുവനന്തപുരം
ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ നിർമിക്കുന്ന ആദ്യഘട്ട വീടുകളുടെ നിർമാണം അന്തിമഘട്ടത്തിൽ. 3650 ഗുണഭോക്താക്കളാണ‌് നഗരത്തിലുള്ളത‌്. 100 വീടുമാത്രമാണ‌് പൂർത്തിയാക്കാനുള്ളത‌്. മൂന്ന് ഘട്ടമായാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ആദ്യഘട്ടത്തിൽ നിർമാണം ആരംഭിച്ച‌്, പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ സ്വന്തമായി സ്ഥലമുള്ളവർക്ക് വീട് നിർമിച്ചു നൽകും. 7878 ഗുണഭോക്താക്കളെ കണ്ടെത്തി. ഈ വിഭാഗത്തെ പൂർണമായി പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീട‌് നിർമിച്ച് നൽകും. പിഎംഎവൈ പദ്ധതിപ്രകാരം ഒരു ഗുണഭോക്താവിന് 1.50 ലക്ഷം രൂപമാത്രമാണ് ലഭിക്കുക. ലൈഫ് പദ്ധതി പ്രകാരം ഈ ഗുണഭോക്താക്കൾക്ക് നഗരസഭ രണ്ടു ലക്ഷം രൂപയും സംസ്ഥാന സർക്കാർ 50,000 രൂപയും നൽകുന്നുണ്ട‌്. ഇങ്ങനെ വീട് നിർമിക്കുന്നതിന് ഒരു ഗുണഭോക്താവിന് നാലു ലക്ഷം രൂപവീതമാണ് നഗരസഭയിൽനിന്ന് ലഭിക്കുന്നത്.
 
   അതേസമയം, ലൈഫ‌് പദ്ധതിയുടെ തുക വകമാറ്റിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനാണ് നഗരസഭ മുൻതൂക്കം നൽകുന്നതെന്നും മേയർ  വി കെ പ്രശാന്ത് പറഞ്ഞു. ഭവനപദ്ധതിക്ക‌് വകയിരുത്തിയ തുകയിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി സബ്സിഡിത്തുക നൽകുന്നതിന‌് പദ്ധതി ഭേദഗതിചെയ‌്തിട്ടുണ്ട‌്. ഭേദഗതിയിലൂടെ ഭവനപദ്ധതികൾക്കായി 2018‐19 സാമ്പത്തികവർഷത്തിൽ കൂടുതൽ തുക കണ്ടെത്തുന്നതിനാണ‌് ശ്രമം. മൂന്നാംഘട്ടത്തിൽ സ്ഥലവും വീടും ഇല്ലാത്തവരെയാണ‌് പരിഗണിക്കുന്നത‌്. ഈ ഘട്ടം നടപ്പാക്കുന്നതിന് അനുയോജ്യമായ സ്ഥലം ലഭ്യമാകേണ്ടതുണ്ട്. ഇതിന് നിലവിലുള്ള നിരക്കിൽ ഭൂമി ലഭ്യമല്ല. അതുകൊണ്ട‌ാണ‌് സ്ഥലം വാങ്ങി വീട‌് നിർമിക്കുന്ന പദ്ധതിയിൽനിന്ന്, വീട് നിർമിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് തുക നൽകുന്നതിന‌് ഭേദഗതിയിൽ നിർദേശങ്ങൾ ഉൾപ്പെടുത്തിയത‌്.
 
 വീടും സ്ഥലവുമില്ലാത്തവർക്ക് വീട് നിർമിച്ചുനൽകുന്നതിന്റെ ഭാഗമായി കരിമഠം കോളനിയിൽ ആദ്യ ഫ്ലാറ്റ് സമുച്ഛയത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്കും നഗരസഭ തുക വകയിരുത്തിയിട്ടുണ്ട്. വീട് നിർമിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും കൂടുതൽ സമയം ആവശ്യമായ സാഹചര്യത്തിൽ, 2018‐19 സാമ്പത്തികവർഷത്തിൽ തുക ചെലവഴിക്കാപ്പെടാതെ പോകുന്നത് ഒഴിവാക്കുന്നതിനുവേണ്ടിയാണ‌്  പദ്ധതി ഭേദഗതി ചെയ്യുന്നതിന് കൗൺസിൽ തീരുമാനിച്ചത്. സ്ഥലം വാങ്ങുന്നതിനുള്ള നടപടിക്രമം പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് നഗരസഭയ്ക്ക്  പ്രയാസവുമില്ല. വസ്തുതകൾ മനസ്സിലാക്കാതെയാണ‌് ലൈഫ് പദ്ധതിയുടെ തുക വകമാറ്റിയെന്ന് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും മേയർ പ്രസ്താവനയിൽ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top