21 November Wednesday
തിരു. നഗരസഭയിൽ ബിജെപിക്കുള്ളിൽ പൊട്ടിത്തെറി

ഗിരികുമാറിനെ പാർലമെന്ററിപാർടി നേതൃസ്ഥാനത്തുനിന്ന‌് നീക്കി

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018
തിരുവനന്തപുരം
നികുതി അപ്പീൽ സ‌്റ്റാൻഡിങ‌് കമ്മിറ്റിയുടെ മറവിൽ നടത്തിയ അഴിമതിപ്പണം വീതിക്കുന്നതിലുണ്ടായ തർക്കത്തിനു പിന്നാലെ  തിരുവനന്തപുരം നഗരസഭയിൽ ബിജെപി അംഗങ്ങൾക്കിടയിൽ തമ്മിലടി രൂക്ഷമായി. ഗ്രൂപ്പ‌് വഴക്ക‌് ശക്തമായതിനെത്തുടർന്ന‌് വി ജി ഗിരികുമാറിനെ പാർലമെന്ററിപാർടി നേതാവിന്റെ സ്ഥാനത്തുനിന്ന‌് നീക്കി. നേമം കൗൺസിലർ എം ആർ ഗോപനാണ‌് പുതിയ നേതാവ‌്.
 
ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടസമുച്ചയത്തിന് നഗരസഭ സെക്രട്ടറിയുടെയും കൗൺസിലിന്റെയും അംഗീകാരമില്ലാതെ നികുതി ഇളവ് നൽകിയതിലൂടെ നഗരസഭയ്ക്ക് 4.92 കോടിയുടെ വരുമാന നഷ്ടം വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ബിജെപി കൗൺസിലറായ സിമി ജ്യോതിഷ‌് അധ്യക്ഷയായ കമ്മിറ്റിയാണ‌് നികുതിയി‌ളവ‌് നൽകിയത‌്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ‌് അഴിമതി നടത്തിയതെന്ന‌് പാർടിക്കുള്ളിൽനിന്നുതന്നെ ആരോപണം ഉയർന്നിട്ടുണ്ട‌്. അഴിമതിപ്പണം പങ്കുവയ്‌ക്കുന്നതിനെച്ചൊല്ലി കൗൺസിലർമാർക്കിടയിലും ജില്ലാ നേതാക്കൾക്കിടയിലും ഭിന്നത രൂക്ഷമായിരുന്നു. 
ഇതിനെല്ലാം പിന്നാലെയാണ‌് ഗിരികുമാറിനെ പാർലമെന്ററി പാർടി നേതൃസ്ഥാനത്തുനിന്ന‌് തെറിപ്പിച്ചത‌്. ആർഎസ‌്എസിന്റെ താൽപ്പര്യപ്രകാരമാണ‌് ഗിരികുമാറിനെ നേതാവാക്കിയത‌്. എന്നാൽ‌‌‌‌‌,  ഗിരികുമാറിനെതിരെ പാർടിക്കുള്ളിൽതന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ബിജെപി, യുവമോർച്ച വനിതാ നേതാക്കളും ഇദ്ദേഹത്തിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെന്നാണ‌് സൂചന. ആർഎസ‌്എസിന്റെ വിഭാഗ‌് പ്രചാരകായിരുന്ന കിരണും ജില്ലാ പ്രസിഡന്റ‌് സുരേഷ‌്കുമാറുമാണ‌് ഗിരികുമാറിനെ സംരക്ഷിച്ച‌ുപോന്നത‌്.   പ്രവർത്തകരെ ഭിന്നിപ്പിക്കുന്നതുൾപ്പെടെ കിരണിനെതിരേയും നിരവധി പരാതികൾ ഉയർന്നതോടെ ഇയാളെ കോട്ടയത്തേക്ക‌് മാറ്റി. ഇതോടെ ഗിരികുമാറിനും സുരേഷ‌് കുമാറിനും പാർടിയിലുള്ള സ്വാധീനം നഷ്ടപ്പെട്ടു.
 
ഈ തക്കം നോക്കിയാണ‌് എം ആർ ഗോപന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കൗൺസിലർമാർ പാർലമെന്ററിപാർടി നേതാവിനെ മാറ്റണമെന്നൊവശ്യപ്പെട്ട‌് സംസ്ഥാന നേതൃത്വത്തെ സമീപിച്ചത‌്. വനിതാ പ്രവർത്തകരുടേതുൾപ്പെടെയുള്ള പരാതിയും ഗിരികുമാറിനെതിരെ ആയുധമാക്കിയെന്നാണ‌് സൂചന. വെള്ളിയാഴ‌്ച ഒരു സംസ്ഥാന നേതാവിന്റെ സാന്നിധ്യത്തിൽ പാർലമെന്ററിപാർടി യോഗം വിളിച്ചു ചേർത്താണ‌് പുതിയ നേതാവിനെ പ്രഖ്യാപിച്ചത‌്.
 
 

 

പ്രധാന വാർത്തകൾ
Top