13 November Tuesday

എസ്എടിയെ മാതൃകാ മാതൃശിശു ആശുപത്രിയാക്കും: ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

എസ്എടി ആശുപത്രിയിൽ ഐവിഎഫ് ചികിത്സ വഴി ജനിച്ച കുട്ടികളുടേയും മാതാപിതാക്കളുടേയും കുടുംബ സംഗമവും റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗവും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ലോകത്തിന് മാതൃകയായ മാതൃശിശു ആശുപത്രിയായി എസ്എടിയെ മാറ്റാൻ എല്ലാവരും ഒരുമിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. 
ആശുപത്രിയിൽ ഐവിഎഫ് ചികിത്സ വഴി ജനിച്ച 100 കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും കുടുംബ സംഗമവും പ്രത്യേക വിഭാഗമായി ഉയർത്തിയ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 
കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതികളുടെ ആശാകേന്ദ്രമായി എസ്എടി മാറി. സ്വകാര്യ ആശുപത്രികളേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ മികച്ച സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. വന്ധ്യതയുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ റിപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിന് പ്രാധാന്യമേറുന്നു.
സാധാരണക്കാർക്കും വന്ധ്യതാ ചികിത്സ സാധ്യമാക്കാൻ എസ്എടി ആശുപത്രിക്ക് കഴിഞ്ഞതായി അധ്യക്ഷനായ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എസ്എടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി, മെഡിക്കൽ കോളേജ് ക്യാമ്പസ് ശുചീകരണത്തിന് നൽകുന്ന ഒരു ലക്ഷം രൂപ സംഭാവന സൊസൈറ്റി എക്സിക്യുട്ടീവ‌് മെമ്പർ കെ വരദരാജൻ പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന് കൈമാറി.
 
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ റംലാ ബീവി, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമദ്, ഡോ. നിർമല, റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. ഷീല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top