23 September Sunday

അക്ഷരയജ്ഞത്തിന‌് തിരുവനന്തപുരം ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
തിരുവനന്തപുരം  
സാക്ഷരതാമിഷൻ നടപ്പാക്കുന്ന‘അക്ഷരശ്രീ’സാക്ഷരതാ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സർവേ 14ന് രാവിലെ 8.30ന് ആരംഭിക്കും. സർവേ നടത്തുന്ന നഗരസഭയിലെ 100 വാർഡുകളിലും ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. 12ന് വൈകിട്ട് 6.30ന് ആശാൻ സ്‌ക്വയറിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അക്ഷരദീപം തെളിച്ച് നഗരസഭാതല ഉദ്ഘാടനം നടത്തും. 13ന് സന്ധ്യക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ  മുഴുവൻ വീടുകളിലും അക്ഷരത്തിരി കത്തിക്കും.
 നഗരത്തിലെ 100 വാർഡുകളിലായി മൊത്തം രണ്ടര ലക്ഷം വീടുകളാണുള്ളത്. ഓരോ വാർഡിലുമുള്ള വീടുകളെ 50 വീതം വരുന്ന ക്ലസ്റ്ററുകളാക്കി തിരിച്ചാണ് സർവേ. സർവേയിലൂടെ കണ്ടെത്തുന്ന നിരക്ഷരർക്കായി ഓഗസ്റ്റ് 15ന് സാക്ഷരത ക്ലാസുകൾ ആരംഭിക്കും. ഒരു വാർഡിൽ 25പേർ എന്ന കണക്കിന് 2500പേർക്കാണ് ക്ലാസ്. 
മൂന്നു മാസത്തെ സാക്ഷരതാക്ലാസിനു ശേഷം പരീക്ഷയിൽ വിജയിക്കുന്നവർക്ക് നാലാംതരം തുല്യതാ കോഴ്‌സിൽ ചേരാം. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. തുടർന്ന് ഹയർ സെക്കൻഡറി തുല്യതവരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. 
 പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ അടുത്ത ബാച്ചിൽ ‘അക്ഷരശ്രീ’ പദ്ധതി പ്രകാരം 1500പേർക്ക് പത്താംതരം തുല്യതാ കോഴ്‌സും 1000 പേർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സും ആരംഭിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top