26 September Wednesday

വർഗീയതയ്‌ക്കെതിരായ ജനരോഷം കൈയൊപ്പായി

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
തിരുവനന്തപുരം 
വർഗീയതയ്‌ക്കെതിരായ ജനരോഷം കൈയൊപ്പായി ക്യാൻവാസിൽ നിറഞ്ഞപ്പോൾ അതിന്റെ ഭാഗഭാക്കാകാനെത്തിയത് വീട്ടമ്മമാരും കുട്ടികളും വൃദ്ധരുമടക്കം നിരവധി നാട്ടുകാർ.
കുമാരപുരം പൂന്തിറോഡിലെ ഡിവൈഎഫ്ഐ പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരുമാണ് ഒപ്പുശേഖരണത്തിന് വഴിയൊരുക്കിയത്. വഴിയോരത്ത് ‘വർഗീയത തുലയട്ടെ’ എന്ന് ആലേഖനം ചെയ്ത വലിയ ക്യാൻവാസ് നിറഞ്ഞുകവിയുവോളം ആ വാക്യം പകർത്തിയെഴുതിയവർ  അവരുടെ കൈയൊപ്പും പതിച്ചാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ അരുംകൊല സൃഷ്ടിച്ച  വിങ്ങലായിരുന്നു അവരുടെ മനസ്സിൽനിന്ന‌് ക്യാൻവാസിലേക്ക് പകർന്നത്.  വീട്ടമ്മമാരടങ്ങുന്ന  സ്ത്രീകളും കുട്ടികളും സമീപവാസികളും അതുവഴി കടന്നുപോയവരുമെല്ലാം ഈ ഉദ്യമത്തിൽ പങ്കുകൊണ്ടു.
അഭിമന്യുവിന്റെ കൊലപാതകം നാടിന്റെയാകെ  തേങ്ങലായപ്പോൾ അതിന്റെ മാറ്റൊലി തലസ്ഥാന നഗരത്തിലെ സാധാരണക്കാരുടെ കുടുംബങ്ങളിലുമുണ്ടായി എന്നതിന്റെ തെളിവാകുകയായിരുന്നു  ക്യാൻവാസിൽ നിറഞ്ഞ കൈയൊപ്പുകൾ.
ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് ട്രഷറർ  സിജു ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്  ജോയിന്റ് സെക്രട്ടറി കണ്ണൻ, ബ്ലോക്ക് അംഗം നന്ദു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top