18 September Tuesday

'ഒപ്പം' പദ്ധതി കേരളത്തിന് മാതൃക: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

കാട്ടാക്കട > സ്ത്രീകളുടെ ഉന്നമനത്തിനായി 'ഒപ്പം' എന്ന പേരിൽ കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതി കേരളത്തിന് മാതൃകയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സ്ത്രീസുരക്ഷയും സ്ത്രീകളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമിട്ടുപ്രവർത്തിക്കുന്നതാണ് എൽഡിഎഫ് സർക്കാർ. സ്ത്രീകളെ സമൂഹത്തിൽ ഒപ്പം നിർത്താൻ സർക്കാർ വിവിധപദ്ധതികൾ നടപ്പാക്കുന്നു. ആ പ്രവർത്തനങ്ങൾക്ക് ആകെ മാതൃകയാണ് കാട്ടാക്കട. ഈ ബജറ്റിൽ ഇരുപത് കോടിരൂപയാണ് സർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിട്ടുള്ളത്. അതിൽ നിന്നുള്ള സഹായം കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ഒപ്പം പദ്ധതിക്ക് നൽകും. ഒപ്പം പദ്ധതിയുടെ വിജയത്തിനായി സർക്കാർ ഒപ്പംതന്നെ ഉണ്ടാകുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. അനിവാര്യമായ പെണ്ണിടങ്ങൾക്കായി ഒപ്പം എന്ന പേരിൽ കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി തോമസ് ഐസക്. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ഡയറക്ടർ ടി എൻ സീമ മുഖ്യപ്രഭാഷണം നടത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് രാധാകൃഷ്ണൻ സമീപനരേഖാ സമർപ്പണവും വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ് മുദ്രാഗാന സിഡി പ്രകാശനവും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശകുന്തളകുമാരി, ജില്ലാ പഞ്ചായത്തംഗം രമ കുമാരി, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ് അജിത, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻനായർ, വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയൻ, വെള്ളനാട് ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി സ്റ്റീഫൻ, കില ഫാക്കൽറ്റി ഡോ. കെ പി എൻ അമൃത, ലാൻഡ് യൂസേഴ്സ് ബോർഡ് കമീഷണർ എ നിസാമുദീൻ എന്നിവർ സംസാരിച്ചു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രമ സ്വാഗവും  നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അജികുമാർ നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top