16 October Tuesday

ആതിരയുടെ നൃത്തം അഭ്രപാളിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

 

ആറ്റിങ്ങല്‍ > കലോത്സവ വേദികളില്‍ ആതിര സുപരിചിതയാണ്. ജന്മനായുള്ള വൈകല്യത്തെ പുഞ്ചിരിയോടെ നേരിട്ട് നൃത്തവേദികള്‍ കീഴടക്കിയ ആതിരയെ സംസ്ഥാനത്താകെയുള്ള നര്‍ത്തകര്‍ക്കും നൃത്തസ്നേഹികള്‍ക്കും അറിയാം. കലോത്സവ വേദികളും  കടന്ന് അഭ്രപാളിയിലേക്ക് മുന്നേറുകയാണ് ഈ കൊച്ചു മിടുക്കി.
അരുവിക്കര ഗവ. എച്ച്എസ്എസിലെ പ്ളസ് വണ്‍ ബയോളജി വിദ്യാര്‍ഥിനിയായ ആതിരയ്ക്ക് ജന്മനാ ഇടതുകൈയില്ല. എന്നിട്ടും നര്‍ത്തകിയാകണമെന്ന ആഗ്രഹമാണ് ആതിരയെ കലോത്സവ വേദികളില്‍ എത്തിച്ചത്. പക്ഷേ, പലതരം അവഗണനകള്‍ നേരിടേണ്ടി വന്നു. കൈകള്‍ കൊണ്ട് മുദ്രകള്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് പലതവണ ഉപജില്ലാ മത്സരങ്ങളില്‍നിന്ന് ആതിരയെ ഒഴിവാക്കി. ലോകായുക്തയുടെ വിധിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നാടോടിനൃത്തത്തില്‍ സംസ്ഥാനതലം വരെ മത്സരിച്ചു. എ ഗ്രേഡോടെ മൂന്നാംസ്ഥാനം സ്വന്തമാക്കിയ ആതിരയുടെ കഴിവ് കേരളമാകെ ശ്രദ്ധിച്ചു. തുടര്‍ന്നാണ് സിനിമയിലേക്കുള്ള അവസരങ്ങള്‍ തേടിയെത്തിയത്.
മോഹിനിയാട്ടം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയിലാണ് പതിവായി മത്സരിക്കുന്നത്. ഇത്തവണ മാര്‍ഗംകളിയിലും അരങ്ങേറ്റം കുറിച്ചു. ടീം വിജയിച്ചില്ലെങ്കിലും മികച്ച പ്രകടനത്തോടെ എ ഗ്രേഡ് നേടാനായതിന്റെ സന്തോഷത്തിലാണ് ആതിരയും സംഘവും. 
ആയുര്‍വേദ ഡയറക്ടറേറ്റിലെ ജീവനക്കാരിയായ അമ്മ ലേഖയാണ് ആതിരയുടെ പിന്‍ബലം. എട്ടുവര്‍ഷമായി ശാസ്ത്രീയമായി നൃത്തം പഠിക്കുന്നു. വെള്ളനാട് ശ്രീലക്ഷ്മിയില്‍ ബിന്ദു രാജേഷിന്റെ കീഴിലാണ് പഠനം. പാശ്ചാത്യനൃത്തവും സിനിമാറ്റിക് ഡാന്‍സും പരിശീലിക്കുന്നുണ്ട്.
 
പ്രധാന വാർത്തകൾ
Top