Top
17
Sunday, December 2017
About UsE-Paper

കലോത്സവവേദിയില്‍ കൈവിലങ്ങുമായി എസ്ഐ

Friday Dec 8, 2017
സ്വന്തം ലേഖകന്‍
 
തിരുവനന്തപുരം > ജില്ലയിലെ വിദ്യാര്‍ഥികളുടെ സംഗമവേദിയായ സ്കൂള്‍ കലോത്സവ നഗരിയില്‍ കൈവിലങ്ങുമായി എസ്ഐയുടെ പ്രകടനം. ആറ്റിങ്ങല്‍ എസ്ഐയാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സിനിമാ സ്റ്റൈലില്‍ വിലസിയത്. നൃത്തമത്സരം നടക്കുന്നതിനിടെ തങ്ങളുടെ ഊഴംകാത്തു നിന്ന വിദ്യാര്‍ഥികളെയാണ് കൂടിനില്‍ക്കാന്‍ പാടില്ലെന്ന് ആക്രോശിച്ച് എസ്ഐ വിരട്ടിയോടിച്ചത്. എസ്ഐയുടെ നടപടിക്കെതിരെ അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധമുയര്‍ത്തിയെങ്കിലും കൈവിലങ്ങ് കണ്ട് എല്ലാവരും പിന്മാറി. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ ഭയചകിതരായി.
മൂന്നു ദിവസമായി ഈ ഷോ തുടരുന്നു. തന്റെ സ്റ്റൈലാണ് ഇതെന്നും പരാതിയുള്ളവരോട് പോയി പണിനോക്കാനുമാണ് എസ്ഐയുടെ ഭാഷ്യം. തോക്കും വിലങ്ങുമെല്ലാം പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിന്റെ ഭാഗമാണെന്നും അത് കൊണ്ടുനടക്കുന്നതില്‍ തെറ്റില്ലെന്നും എസ്ഐ വിശദീകരിക്കുന്നു.
ലോക്കപ്പ് മര്‍ദനവുംം മൂന്നാംമുറയും ഉണ്ടാകരുതെന്നാണ് പൊലീസിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. മുന്‍ഭരണത്തില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളോട് ഉത്തരവാദിത്തമുള്ള പൊലീസ് എന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിനു വിരുദ്ധമായാണ് ഇത്തരം ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.