Top
25
Saturday, November 2017
About UsE-Paper

ബാങ്കിലും ആര്‍മിയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സ്ത്രീ പിടിയില്‍

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

വര്‍ക്കല > ബാങ്കിലും ആര്‍മിയിലും കെപ്കോയിലും ജോലി വാഗ്ദാനംചെയ്ത് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ സ്ത്രീ വര്‍ക്കല പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ കുന്നുംപുറം ചിന്മയ സ്കൂളിന് സമീപം കൃഷ്ണശ്രീയില്‍ മഞ്ജുള നായര്‍ (44) ആണ് പിടിയിലായത്. ഫെഡറല്‍ ബാങ്കില്‍ ക്ളര്‍ക്ക് ജോലികള്‍ വാഗ്ദാനംചെയ്ത് വര്‍ക്കല സ്വദേശികളായ വെട്ടൂര്‍ മങ്ങാട് വീട്ടില്‍ ജിജിദേവിയില്‍നിന്ന് എട്ട് ലക്ഷവും കരുനിലക്കോട് കാരക്കോട് കാര്‍ത്തിക വീട്ടില്‍ ജയേഷിന്റെ സഹോദരിക്ക് ജോലി വാഗ്ദാനംനല്‍കി ജയേഷില്‍നിന്ന് 11 ലക്ഷവും തട്ടിയെടുത്തശേഷം അപ്പോയിന്റ്മെന്റ് ലറ്ററും ഇവര്‍ക്ക് നല്‍കിയിരുന്നു. ഇത് വ്യാജമാണെന്ന് മനസ്സിലായതോടെ ഇവര്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.


തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്റെ ചുരുളഴിയുന്നത്. രണ്ട് വര്‍ഷമായി തിരുവനന്തപുരം പുളിമൂട്ടില്‍ റെഡ് കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മഞ്ജുള നായരും വടകര സ്വദേശി സുരേഷും. ആര്‍മിയില്‍ ജോലി വാഗ്ദാനംനല്‍കി ഇടവ പാറയില്‍ മോഹനവിലാസം വീട്ടില്‍ വിഷ്ണുവില്‍നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതിലും അയിരൂര്‍ പൊലീസ് കേസെടുത്തു. കൂടാതെ തിരുവനന്തപുരം കെപ്കൊയില്‍ എല്‍ഡി ക്ളര്‍ക്കായി ജോലി വാഗ്ദാനംചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപയും കൈക്കലാക്കി. വര്‍ക്കല സിഐയും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. വരുംദിവസങ്ങളില്‍ ഇവരുടെ ഓഫീസ് റെയ്ഡ് നടത്തി പ്രിന്ററും മറ്റും കണ്ടെത്തി വിശദമായ പരിശോധന നടത്തുമെന്നും വര്‍ക്കല പൊലീസ് അറിയിച്ചു.

 

Related News

കൂടുതൽ വാർത്തകൾ »