17 November Saturday
സാക്ഷരതാമിഷൻ സർവേ

സൗജന്യവിദ്യാഭ്യാസം നൽകണം: ആനാവൂർ നാഗപ്പൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
തിരുവനന്തപുരം > നഗരസഭയിൽ സാക്ഷരതാമിഷൻ നടത്തിയ സർവേയിൽ കണ്ടെത്തിയ മുഴുവൻപേർക്കും  സാക്ഷരതാ തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. സമ്പൂർണ സാക്ഷരതയിൽ അഭിമാനിക്കുകയും വിദ്യാഭ്യാസത്തിൽ രാജ്യത്ത് മുന്നിൽ നിൽക്കുകയും ചെയ്യുന്ന  തലസ്ഥാന നഗരത്തിൽ നിരക്ഷരരും പ്രാഥമികവിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും ഹയർസെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കാത്തവരുമായി നിരവധിപേരുണ്ടെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഇത് അടിയന്തരമായി പരിഹരിക്കണം.  
ഇപ്പോൾ സൗജന്യമായി 2500 സ്ത്രീകൾക്ക് സാക്ഷരതയും 2000 സ്ത്രീകൾക്ക് നാലാംതരം വിദ്യാഭ്യാസവും 1500 സ്ത്രീകൾക്ക് ഏഴാം തരം വിദ്യാഭ്യാസവും നൽകാനും 1000 പേർക്കുവീതം പത്താംതരം, ഹയർസെക്കൻഡറി വിദ്യാഭ്യാസം നൽകാനും പദ്ധതിയിൽ വ്യവസ്ഥയുള്ളതായി മനസ്സിലാക്കുന്നു. 11764 നിരക്ഷരരും 12979 നാലാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരും 22999 ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരും 45208 പത്താം ക്ലാസ് പൂർത്തിയാക്കാത്തവരും 39409 ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കാത്തവരും നിലവിലുണ്ടെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. 
ഇവരിൽ വളരെ ചെറിയൊരു ഭാഗം ആളുകൾക്കുമാത്രമേ ഇപ്പോഴുള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. ഭൂരിഭാഗം പേർക്ക് അവസരം നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്. സർവേയിൽ കണ്ടെത്തിയ മുഴുവൻ പേർക്കും ഹയർസെക്കൻഡറിവരെയുള്ള വിദ്യാഭ്യാസം സൗജന്യമായി പൂർത്തിയാക്കാൻ സാക്ഷരതാമിഷനും നഗരസഭയും ചേർന്ന് അവസരമൊരുക്കണം. എല്ലാവരും ഹയർ സെക്കൻഡറി പാസ്സായ നഗരമായി സാക്ഷരകേരളത്തിന്റെ തലസ്ഥാന നഗരം മാറണം. അഭിമാനകരമായ ഈ പദ്ധതിയുടെ പൂർത്തീകരണത്തിനുവേണ്ടി നഗരസഭ കൂടുതൽ ഫണ്ട് വകയിരുത്തണമെന്നും ആനാവൂർ നാഗപ്പൻ പ്രസ്താവനയിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top