Top
18
Monday, December 2017
About UsE-Paper
തിയറ്ററുകള്‍ ഒരുങ്ങി; 8848 സീറ്റ്

ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും തുറന്നു

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം സംവിധായകന്‍ ടി വി ചന്ദ്രന്‍ ഡെലിഗേറ്റായ മോളി തോമസിന് ആദ്യ പാസ് നല്‍കി നിര്‍വഹിക്കുന്നു
തിരുവനന്തപുരം > രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയറ്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനംചെയ്തു.
 ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൌണ്‍സില്‍ അംഗം വി കെ ജോസഫ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ സംസാരിച്ചു. മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം സംവിധായകന്‍ ടി വി ചന്ദ്രന്‍ ഡെലിഗേറ്റായ മോളി തോമസിന്  ആദ്യ പാസ് നല്‍കി ഉദ്ഘാടനംചെയ്തു. മേളയ്ക്കായി വിവിധ തിയറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത് 8848 സീറ്റാണ്. ഓപ്പണ്‍ തിയറ്ററായ നിശാഗന്ധിയാണ് കൂടുതല്‍ സീറ്റുകളുള്ള വേദി. 2500 സീറ്റാണ് ഇവിടെയുള്ളത്. മുഖ്യവേദിയായ ടാഗോറില്‍ 902 സീറ്റും ധന്യ, രമ്യ എന്നീ തിയറ്ററുകളിലായി 1272 സീറ്റും ന്യൂ തിയറ്ററിലെ മൂന്ന് സ്ക്രീനുകളിലായി 918 സീറ്റുമാണുള്ളത്. കൈരളി, ശ്രീ, നിള എന്നിവയിലായി 1013 സീറ്റുമുണ്ട്. കലാഭവന്‍ തിയറ്ററില്‍ 410 പേര്‍ക്കും  കൃപയില്‍ 325 പേര്‍ക്കും സിനിമ കാണാന്‍ സൌകര്യമുണ്ട്. അധികമായി എത്തുന്ന 1000 ഡെലിഗേറ്റുകളെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന വിധമാണ് സ്ക്രീനുകളുടെ ക്രമീകരണം. ജൂറിക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഏരീസ് പ്ളക്സില്‍ പ്രത്യേക പ്രദര്‍ശനവും ഒരുക്കി. വരി നില്‍ക്കാതെ ഭിന്നശേഷിക്കാര്‍ക്കും 70 കഴിഞ്ഞവര്‍ക്കും തിയറ്ററുകളില്‍ പ്രവേശനം നല്‍കും. ഭിന്നശേഷിക്കാര്‍ക്കായി തിയറ്ററുകളില്‍ റാമ്പ് ഉള്‍പ്പെടെയുള്ള സൌകര്യങ്ങളും ഒരുക്കി.