16 October Tuesday

അപ്പീല്‍ 300 തികഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017
ആറ്റിങ്ങല്‍ > ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനവും വിധികര്‍ത്താക്കള്‍ക്കെതിരേ പരാതി പ്രളയം. ഫലപ്രഖ്യാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള അപ്പീലുകള്‍ ബുധനാഴ്ച മൂന്നക്കം കടന്നു. നൃത്തമത്സരങ്ങളുടെ വിധി നിര്‍ണയത്തിനെതിരേ യാണ് പരാതി കൂടുതല്‍. ഹയര്‍ അപ്പീലുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. കേരളനടനത്തിന് മാത്രം 14 അപ്പീലുകള്‍ ലഭിച്ചു.മോഹിനായാട്ടം, ഭരതനാട്യം എന്നിവയ്ക്കും അപ്പീലുകള്‍ നിരവധി എത്തുന്നുണ്ട്. പ്രോഗ്രാം കമ്മിറ്റി നിശ്ചയിച്ച വിധികര്‍ത്താക്കള്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡിപിഐ ഇടപെട്ട് ചില തിരുത്തലുകള്‍ വരുത്തി. എന്നിട്ടും പരാതികള്‍ ഉയരുന്നത് ഗൌരവതരമാണ്. അഴിമതിക്കാരായ വിധികര്‍ത്താക്കളെ കണ്ടെത്താന്‍ വിജിലന്‍സ് നിരീക്ഷണം ഏര്‍പ്പെടുത്തി. അത്തരക്കാരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിട്ടും ചിലര്‍ പതിവുശൈലിയില്‍ തന്നെയാണെന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും പരാതി.  ആരോപണങ്ങള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് അവസാന നിമിഷം വിധികര്‍ത്താക്കളെ മാറ്റിയെങ്കിലും അപ്പീല്‍ നിയന്ത്രിക്കാനായിട്ടില്ല. 
വിവിധ ഉപജില്ലകളില്‍ നിന്നായി 90 അപ്പീല്‍ അനുവദിച്ചു. എട്ടെണ്ണം ലോകായുക്തയില്‍ നിന്നെത്തി. അവയിലധികവും നൃത്ത ഇനത്തിലാണ്. യുപിയില്‍ 15, എച്ച്എസ്സില്‍ 27, എച്ച്എസ്എസില്‍ 47 എന്നിങ്ങനെയാണ് അപ്പീലുമായി എത്തി മത്സരിച്ചവരുടെ എണ്ണം. ഉപജില്ലാതലത്തില്‍ അര്‍ഹത ലഭിക്കാത്തവര്‍ കോടതിവിധിയുമായി മത്സരിക്കാന്‍ എത്തിയതോടെ മത്സരങ്ങള്‍ വൈകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പുതിയ മാന്വല്‍ പ്രകാരം ഓരോ അപ്പീലിനും 2000 രൂപ കെട്ടിവെയ്ക്കണമെന്ന് വ്യവസ്ഥ ഉണ്ടായിട്ടും ഇത്രയും അപ്പീലുകള്‍ എത്തിയത് സംഘാടകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പ്രധാന വാർത്തകൾ
Top