Top
20
Monday, November 2017
About UsE-Paper
ജില്ലാ പഞ്ചായത്ത് ഭരണസമിതി 3ാം വര്‍ഷത്തിലേക്ക്

ഓരോ ഡിവിഷനിലും ഓരോ വികസനപദ്ധതി

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം > ജില്ലാ പഞ്ചായത്ത് ഭരണസമിതി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഒരു മാസം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ ഡിവിഷനിലും ഓരോ വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തി മാതൃകാപരമായാണ് ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. വിഷപച്ചക്കറിക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പാക്കിയ ജൈവ സമൃദ്ധിയും മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ജില്ലയിലെമ്പാടും ജൈവ കൃഷിത്തോട്ടമൊരുക്കി വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ പദ്ധതിക്കായി. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സാമൂഹിക കൂട്ടായ്മകളും കര്‍ഷക ഗ്രൂപ്പുകളും ജൈവ സമൃദ്ധി ഒന്നായി ഏറ്റെടുത്തതാണ് പദ്ധതിയുടെ വിജയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു പറഞ്ഞു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവപച്ചക്കറിക്ക് സംഭരണ വിപണന സംവിധാനം ഒരുക്കാന്‍ പഞ്ചായത്തുതലത്തില്‍ പച്ചക്കറി സംഭരണ വിപണനശാലകള്‍ കൂടി ആരംഭിച്ചാണ് ആഘോഷ പരിപാടികള്‍ക്ക് ജില്ലാ പഞ്ചായത്ത് തുടക്കമിടുന്നത്. 201718 വര്‍ഷത്തെ ജൈവ പച്ചക്കറി നടീല്‍ ഉത്സവവും വിപണനശാലകളുടെ ഉദ്ഘാടനവും  ബുധനാഴ്ച വൈകിട്ട് ചെറുന്നിയൂര്‍ ഗവ. എല്‍പിഎസ് ഓഡിറ്റോറിയത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷനാകും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി പി മുരളി പദ്ധതി വിശദീകരിക്കും. എല്ലാ വിഷയത്തിലും ആധികാരിക റഫറന്‍സ് ഗ്രന്ഥങ്ങളൊരുക്കി സജ്ജീകരിച്ച ആധുനിക  ലൈബ്രറിയുടെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം വരും ദിവസങ്ങളില്‍ ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുമെന്ന് വി കെ മധു പറഞ്ഞു.