25 September Tuesday

നവോദയ സ്കൂൾ എട്ടാംക്ലാസ‌് വിദ്യാർഥി മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
പാലോട് 
സ്കൂളിന്റെ മതിൽ ചാടിക്കടന്ന് ആറ്റിൽ കുളിക്കാൻ പോയ നാലംഗവിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. നന്ദിയോട് ചെറ്റച്ചൽ നവോദയ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി വര്‍ക്കല ഇടവ പൊയ്കയില്‍ ശങ്കര്‍നിവാസില്‍ പരേതനായ സുനിൽകുമാറിന്റെയും രാജിയുടെയും മകൻ നിഖിലാ (13)ണ് മരിച്ചത്. ഞായറാഴ്ച പകൽ മൂന്നോടെയാണ് നിഖിലും മൂന്നു കൂട്ടുകാരും വിദ്യാലയത്തിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് തൊട്ടടുത്തുള്ള വാമനപുരം നദിയുടെ പൊട്ടൻചിറ കടവിൽ  കുളിക്കാനിറങ്ങിയത്. നിഖില്‍ ഒഴുക്കില്‍പ്പെട്ട‌് മുങ്ങുന്നത് കണ്ട് ഭയന്ന കൂട്ടുകാര്‍ സ്കൂളിലേക്ക് തിരികെ ഓടി. എന്നാൽ, അപകടവിവരം ഇവർ  പുറത്തുപറഞ്ഞില്ല. 
 
വൈകിട്ടത്തെ ഹാജർ പരിശോധനയിലാണ് നിഖിലിനെ കാണാനില്ലെന്ന വിവരം അധ്യാപകർ അറിയുന്നത്. തുടർന്ന് സമീപസ്ഥലങ്ങളിൽ തെരച്ചിൽ നടത്തുകയും വിതുര, പാലോട് സ്റ്റേഷനുകളിൽ വിവരം നൽകുകയുമായിരുന്നു. പിന്നീടാണ് നദിയിൽ കുളിക്കാൻ പോയ കാര്യം കൂട്ടുകാരായ കുട്ടികൾ അധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് വിതുര ഫയര്‍ഫോഴ്‌സ് യൂണിറ്റിനെ വിവരമറിയിച്ചു. ഇവരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തില്‍ അർധരാത്രിയോടെ  നദിയിൽ വീണുകിടന്ന മരത്തിന്റെ ശിഖരങ്ങൾക്കിടയിൽ മൃതദേഹം കണ്ടെത്തി. പാലോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top