25 September Tuesday
യുജിസിയെ തകർക്കൽ

ഭസ‌്മാസുരന്മാർ വരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

പ്രൊഫ. മുണ്ടശേരി ഫൗ‌ണ്ടേഷൻ സംഘടിപ്പിച്ച ചർച്ചയിൽ ഡോ. പി കെ മൈക്കിൾ തരകൻ സംസാരിക്കുന്നു

തിരുവനന്തപുരം 
യൂണിവേഴ‌്സിറ്റി ഗ്രാന്റ‌്സ‌് കമീഷനെ ഇല്ലാതാക്കി ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപീകരിക്കാനുള്ള തീരുമാനം രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയുടെ മനുഷ്യത്വ മുഖം നശിപ്പിച്ച‌് എല്ലാം യാന്ത്രികമാക്കി വർഗീയവൽക്കരണം നടത്താനാണെന്ന‌് വിദ്യാഭ്യാസരംഗത്തെ വിദഗ‌്ധർ. പ്രസ‌് ക്ലബ്ബിൽ പ്രൊഫ. മുണ്ടശേരി ഫൗ‌ണ്ടേഷൻ സംഘടിപ്പിച്ച ‘വർഗീയതയുടെ വഴിയിൽ യുജിസിയും ’ ചർച്ച  യുജിസി തകർക്കുന്നതിനെതിരെയുള്ള കേരളത്തിന്റെ വികാരമായി മാറി. 
യുജിസിയുടെ പ്രവർത്തനശൈലിയോട‌് വിയോജിപ്പുള്ളവർപോലും  കേന്ദ്ര സർക്കാരിന്റെ നിലപാടിനെ അംഗീകരിക്കാൻ തയ്യാറായില്ല. വിദ്യ അഭ്യസിപ്പിച്ച‌് വിശ്വപൗരന്മാരെ സൃഷ്ടിച്ചിടത്തുന്നിന്ന‌് ഭസ‌്മാസുരന്മാരെ സൃഷ്ടിക്കുന്നതിലേക്കാണ‌് യുജിസി ഇല്ലാതാക്കുന്നവർ ശ്രമിക്കുന്നതെന്ന‌് മുൻ വൈസ‌് ചാൻസലർ കൂടിയായ ഡോ. പി കെ മൈക്കിൾ തരകൻ പറഞ്ഞു. വിദ്യാഭ്യാസപരമായി പിന്നോക്കംനിൽക്കുന്ന മേഖലകളിലെ സർവകലാശാലകൾ അടച്ചുപൂട്ടേണ്ട സ്ഥിതി വരും. ലാഭകരമല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന‌് വരുന്നത‌് ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി വാണിജ്യവൽക്കരിക്കുമെന്ന‌് ചർച്ചയിൽ പറഞ്ഞു.   ആശയങ്ങളുടെ കമ്പോളമായ സർവകലാശാലകൾ ഇനി സാമ്പത്തികലാഭത്തിലേക്ക‌് വഴിമാറുമ്പോൾ കേന്ദ്ര സർക്കാർ പറയുന്ന ആശയങ്ങൾ പഠിക്കാൻ വിദ്യാർഥികൾ നിർബന്ധിതമാകുകയുംചെയ്യും. ഗ്രാന്റ‌് എന്നതിന‌് പകരം അസിസ്റ്റൻസ‌് എന്ന വാക്കുതന്നെ കേന്ദ്രഭരണക്കാരെ അനുസരിക്കുന്ന സർവകലാശാലകൾക്കും കോളേജുകൾക്കുംമാത്രമേ ഫണ്ട‌് ലഭ്യമാകുകയുള്ളൂവെന്നാണ‌് അർഥമാക്കുന്നത‌്. 
പ്രൊഫ. കെ എൻ ഗംഗാധരൻ അധ്യക്ഷനായി.  ഡോ. എൻ കെ ജയകുമാർ, ഡോ. ജെ പ്രസാദ‌്, ഡോ. സി പത്മനാഭൻ, ഡോ. കെ കെ ദാമോദരൻ എന്നിവർ സംസാരിച്ചു. പ്രൊഫ. അഞ്ചുവന്നി ആർ രവീന്ദ്രൻനായർ  സ്വാഗതവും പി എൻ ബാലകൃഷ‌്ണൻ  നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top