19 September Wednesday
തപാൽ സമരം

ഒരുമ യുടെ വിജയം: എങ്ങും ആഹ്ലാദപ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

തിരുവനന്തപുരം ജനറൽ പോസ‌്റ്റ‌് ഓഫീസിനുമുന്നിൽ ആഹ്‌ളാദപ്രകടനം നടത്തുന്ന തപാൽ ജീവനക്കാർ

തിരുവനന്തപുരം പതിനാറു ദിവസം നീളുന്ന തപാൽ സമരം സമ്പൂർണ വിജയം. തപാൽ മേഖലയിലെ എല്ലാ വിഭാഗം ജീവനക്കാരും സംഘടനകളും ഒരുമിച്ച‌് രംഗത്തിറങ്ങിയതോടെയാണ‌് ജിഡിഎസ‌് ജീവനക്കാരുടെ വേതന പരിഷ‌്കരണം യാഥാർഥ്യമാക്കാൻ കഴിഞ്ഞത‌്. കേരളത്തിലെ തപാൽ മേഖല പൂർണമായും സ‌്തംഭിപ്പിച്ച‌ സമര പോരാളികൾ എങ്ങും ആഹ്ലാദ നൃത്തം ചവിട്ടി.  തിരുവനന്തപുരം ജനറൽ പോസ‌്റ്റ‌് ഓഫീസിനുമുന്നിൽ പടക്കംപൊട്ടിച്ചും നൃത്തം ചെയ‌്തുമാണ‌് ആഘോഷിച്ചത‌്. സ്റ്റാച്യുവിൽനിന്ന‌് കൂറ്റൻ പ്രകനമായാണ‌് ജിപിഒയ‌്ക്ക‌് മുന്നിലെത്തിയത‌്.
ഗ്രാമീണ ഡാക‌് സേവകരുടെ വേതനപരിഷ്കരണം  ആവശ്യപ്പെട്ടാണ‌് സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ 16 ദിവസമായി രാജ്യവ്യാപക സമരം നടത്തിയത‌്. കേരളത്തിലെ 5500 പോസ്റ്റ‌് ഓഫീസും 39 ആർഎംഎസ‌് കേന്ദ്രങ്ങളും പത്തുദിവസം പൂർണമായി അടഞ്ഞുകിടന്നു. പത്ത‌ു ദിവസത്തിനുശേഷം തപാൽ വകുപ്പ‌് ജീവനക്കാർ പണിമുടക്ക‌് അവസാനിപ്പിച്ചു. ജിഡിഎസുകാർ സമരം തുടരുകയും ചെയ‌്തു. ജിഡിഎസ് ജീവനക്കാരുടെ വേതനപരിഷ്കരണത്തിന് അനുമതി നൽകിയ ശേഷമാണ‌് സമരം അവസാനിപ്പിച്ചത‌്. 
  വേതനപരിഷ്കരണത്തിന‌് നിയോഗിച്ച കമലേഷ്ചന്ദ്ര കമീഷന്റെ റിപ്പോർട്ട് പതിനെട്ടു മാസത്തിനുശേഷമാണ് കേന്ദ്രസർക്കാർ അംഗീകരിക്കുന്നത്.  റിപ്പോർട്ട് നടപ്പാക്കുന്നത് വൈകിക്കുന്നതിനെതിരെ ജീവനക്കാർ പലഘട്ടങ്ങളിലായി നടത്തിയ പ്രക്ഷോഭങ്ങൾ മെയ് 22 മുതലാണ‌്‌ അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നത‌്. കേരളത്തിൽ ജിഡിഎസ് ജീവനക്കാരോടൊപ്പം തപാൽ‐ആർഎംഎസ് മേഖലയിലെ എല്ലാ ഡിപ്പാർട്ട‌്മെന്റ് ജീവനക്കാരും പണിമുടക്കി.  ആവശ്യം നേടിയെടുക്കുന്നതുവരെ വിട്ടുവീഴ‌്ചയില്ലെന്ന‌് പ്രഖ്യാപിച്ച സമരക്കാരോടൊപ്പം ഭരണപക്ഷ സംഘടനയായ ബിഎംഎസിനുപോലും സഹകരിക്കേണ്ടിവന്നു. ഗത്യന്തരമില്ലാതെയാണ‌് കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുത്തത്‌.
ജിഡിഎസ് ജീവനക്കാരുടെ ആവശ്യം മാത്രമുന്നയിച്ച് 10 ദിവസം പണിമുടക്കിയ തപാൽ‐ആർഎംഎസ്, അഡ്മിനിസ്ട്രേറ്റീവ്, എസ‌്ബിസിഒ, പോസ്റ്റൽ അക്കൗണ്ട്സ്, പാർട്ട്ടൈം കണ്ടിജന്റ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെയും 16 ദിവസവും സമരത്തിൽ അടിയുറച്ചുനിന്ന് പോരാടിയ ജിഡിഎസ് ജീവനക്കാരെയും എൻഎഫ്പിഇ, എഫ്എൻപിഒ സംസ്ഥാന കൺവീനർമാരായ പി കെ മുരളീധരൻ, ജോൺസൺ ഡി ആവോക്കാരൻ എന്നിവർ അഭിനന്ദിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top