12 December Wednesday
തിരുവനന്തപുരം മെഡിക്കൽ കോളേജ്

പകർച്ചപ്പനി നിയന്ത്രിക്കാൻ കഫ് കോർണർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
തിരുവനന്തപുരം > പകർച്ചപ്പനി പ്രതിരോധത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഫ് കോർണർ ഉൾപ്പെടെ ഫലപ്രദമായ സംവിധാനങ്ങൾ. പനിയും ചുമയുമായി അത്യാഹിതവിഭാഗത്തിൽ എത്തുന്നവർക്കെല്ലാം കഫ് കോർണറിൽനിന്ന് മാസ്‌ക് നൽകും. 
കൂട്ടിരിപ്പുകാർക്കും മാസ്‌ക് ലഭിക്കും. കൂടാതെ, പനി പടരാതിരിക്കാൻ വേണ്ട മാർഗനിർദേശങ്ങളും  നൽകും. എച്ച്1 എൻ1 രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തുന്നവരിൽ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടിയശേഷം വരുന്നവരാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന വകുപ്പു മേധാവികളുടെ അവലോകനയോഗത്തിൽ ചർച്ചചെയ്തു. 
പകർച്ചപ്പനി പടർന്നുപിടിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എന്ന നിലയിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശാനുസരണം ആശുപത്രിയിൽ കഫ് കോർണർ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയത്.  കഫ് കോർണറുകളിൽനിന്ന് ലഭിക്കുന്ന മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാൻ താൽപ്പര്യമില്ലാത്തവർ ചുമയ്ക്കുമ്പോൾ തുണി ഉപയോഗിച്ച് വായ് മൂടണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും അധികൃതർ അറിയിച്ചു. 
എച്ച്1 എൻ1 രോഗലക്ഷണവുമായി വരുന്നവർക്ക് ആവശ്യംവേണ്ട മരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരുതിയിട്ടുണ്ട്. കൂടാതെ, രോഗികൾക്ക് പ്രത്യേകം ഐസൊലേഷൻ വാർഡും പ്രത്യേകം തീവ്രപരിചരണവിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top