19 December Wednesday
പുനഃ പരിശോധനയിൽ അനുവദിച്ചത‌് 28 അപ്പീൽ

ഡിഡിഇ ഓഫീസിൽ വിദ്യാർഥി പ്രതിഷേധം തുടർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

അപ്പീല്‍ അപാകതയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം മോഡല്‍ സ്‌കൂളിലെ വിദ്യാർഥി ആകാശ്‌ ഡി ഡി ഓഫീസിലെ മരത്തില്‍ കയറി പ്രതിഷേധിക്കുന്നു

തിരുവനന്തപുരം > ആലപ്പുഴയിൽ വെള്ളിയാഴ‌്ച ആരംഭിക്കുന്ന  സംസ്ഥാന സ‌്കൂൾ കലോത്സവത്തിലേക്ക‌് അപ്പീൽ വഴി പ്രവേശനം അനുവദിക്കുന്നില്ലെന്ന‌് ആരോപിച്ചുള്ള പ്രതിഷേധം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ ബുധനാ‌ഴ‌്ചയും തുടർന്നു. ആദ്യം അപ്പീൽ അനുവദിച്ചതിൽ പോരായ‌്മകൾ കണ്ടെത്തിയതിനെ തുടർന്ന‌് ഉപഡയറക്ടറുടെ അപ്പീൽ തീരുമാനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻ കുമാർ റദ്ദാക്കിയിരുന്നു. തുടർന്ന‌് വിശദ പരിശോധനയ‌്ക്ക‌്  ശേഷം ആകെയുള്ള 260 അപ്പീൽ അപേക്ഷകളിൽ 28 എണ്ണം ബുധനാഴ‌്ച അനുവദിച്ചു. ആദ്യഘട്ടത്തിൽ കോട്ടൺഹിൽ ഗവ. സ‌്കൂളിൽനിന്ന‌് ആരും പരിഗണിക്കപ്പെട്ടില്ലെങ്കിലും പുന:പരിശോധനയിൽ ഏഴ‌് അപ്പീലിൽ ഒന്ന‌് കോട്ടൺഹില്ലിന‌് ലഭിച്ചു. 
അതേസമയം ബോയ‌്സ‌് സ‌്കൂളിലെ പ്ലസ‌് വൺ വിദ്യാർഥി ചാക്യാർകൂത്തിന‌് നൽകിയ അപ്പീൽ പരിഗണിക്കാത്തതായിരുന്നു ബുധനാഴ‌്ചത്തെ പ്രതിഷേധത്തിന‌് കാരണം. കഴിഞ്ഞ വർഷം ഹൈസ‌്കൂൾ ചാക്യാർകൂത്തിൽ സംസ്ഥാനത്ത‌് ഒന്നാംസ്ഥാനം നേടിയ ആർ ആകാശാണ‌് ഡിഡിഇ ഒാഫീസിന‌് മുന്നിൽ മരത്തിൽ കയറി പ്രതിഷേധിച്ചത‌്. ആകാശിന‌് അപ്പീൽ അനുവദിച്ചില്ലെന്നറിഞ്ഞതോടെ മോഡൽ സ‌്കൂളിൽനിന്ന‌് കൂടുതൽ വിദ്യാർഥികളും എത്തി. ജില്ലാ മത്സരത്തിൽ സംസ്ഥാന മത്സരത്തിന‌് തെരഞ്ഞെടുക്കപ്പെട്ടവരിൽ കൂടുതലും അൺഎയ‌്ഡഡ‌് സ‌്കൂളുകാരാണെന്നും വിധികർത്താക്കളും മത്സരാർഥികളുടെ പരിശീലകരും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നുമാണ‌് വിദ്യാർഥികളുടെ വാദം. 
ഡിപിഐ ഇടപെടലിനെ തുടർന്ന‌് ഒരിക്കൽ അപ്പീൽ തീരുമാനം റദ്ദാക്കുകയും പുനഃപരിശോധന നടത്തി പുതിയ ലിസ‌്റ്റ‌് പ്രസിദ്ധീകരിക്കുയും ചെയ‌്ത സാഹചര്യത്തിൽ ഇനി കോടതിയെ സമീപിക്കുക മാത്രമാണ‌് പോംവഴിയെന്ന‌് മനസ്സിലാക്കിയതോടെ വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ജില്ലാതലംവരെ ഒരു ഇനത്തിൽ മത്സരിക്കാൻ ഒരു ലക്ഷത്തിലേറെ രൂപ ഇതിനകം ചെലവഴിച്ചുവെന്നും ഇനി കോടതിയെ സമീപിക്കാനുളള സാമ്പത്തിക ശേഷി ഇല്ലെന്നുമാണ‌് പ്രതിഷേധവുമായി എത്തിയ ഒരു സർക്കാർ സ‌്കൂളിലെ വിദ്യാർഥി ദേശാഭിമാനിയോട‌്  പ്രതികരിച്ചത‌്. 
വിദ്യാർഥികളുടെ പ്രതിഷേധം ഭയന്ന‌് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ബുധനാഴ‌്ചയും വേണ്ടപ്പെട്ടവരാരും ഉണ്ടായിരുന്നില്ല. പതിവ‌് പോലെ ഡിഡിഇയുടെ മൊബൈൽ ഫോൺ സ്വിച്ച‌് ഓഫ‌് ആയിരുന്നു.
പ്രധാന വാർത്തകൾ
Top