19 December Wednesday

പെരിങ്ങമ്മല മാലിന്യ പ്ലാന്റ‌്: നാട്ടുകാരുടെ ആശങ്ക പരിഹരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
പെരിങ്ങമ്മലയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനുമുമ്പ് പരിസ്ഥിതിപ്രവർത്തകർ ഉൾപ്പെടെയുള്ള നാട്ടുകാരുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ നിയമസഭയിൽ ഉറപ്പുനൽകി. അവിടെ മാലിന്യ പ്ലാന്റിനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ഇപ്പോൾ കോഴിക്കോട് ഞെളിയൻപറമ്പിൽ മാലിന്യത്തിൽനിന്ന‌് വൈദ്യുതി എന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ പുതിയ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നത്. അത് പ്രവർത്തനം തുടങ്ങുമ്പോൾ എല്ലാവരുടെയും ആശങ്കകൾ മാറുമെന്നും മന്ത്രി വ്യക്തമാക്കി. ഡി കെ മുരളിയുടെ ഉപക്ഷേപത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മാലിന്യപ്രശ്‌നം പൊതുവായി ഉയരുന്നതുകൊണ്ടാണ് ഒരു കേന്ദ്രീകൃത സമീപനം സ്വീകരിക്കാൻ തീരുമാനിച്ചത്. ജനങ്ങൾക്കും പരിസ്ഥിതിക്കും ബുദ്ധിമുട്ടില്ലാതെ തന്നെ ഇത് നടപ്പാക്കും. ജനങ്ങൾക്കും വിദ്യാർഥികൾക്കും ഒരു പഠനമാതൃകയുമാകും ഇത്. പെരിങ്ങമ്മലയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള 15 ഏക്കറാണ് ഇതിനായി കണ്ടെത്തിയത്.
സംസ്ഥാന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഇത് നടത്താൻ കഴിയൂ. പരിസ്ഥിതി ആഘാതപഠനവും നടത്തണം. ഇതെല്ലാം പൂർത്തിയാക്കിയശേഷമേ പദ്ധതി ആരംഭിക്കുകയുള്ളൂ. തനിക്ക് സ്ഥലം സന്ദർശിക്കാൻ ഒരു മടിയുമില്ലെന്നും പ്രതിപക്ഷനേതാവിന് മന്ത്രി മറുപടി നൽകി. 
പദ്ധതി സംബന്ധിച്ച് പ്രദേശവാസികൾക്കും പരിസ്ഥിതിപ്രവർത്തകർക്കും വലിയ ആശങ്കയുണ്ടെന്ന് ഡി കെ  മുരളി ചൂണ്ടിക്കാട്ടി. ഇത് വർധിപ്പിക്കാൻ യുഡിഎഫും ബിജെപിയും യോജിച്ചു പ്രചാരണം നടത്തുന്നുമുണ്ട്. പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതി പ്രദേശമാണത്. അതുപോലെ അപൂർവ ജന്തുക്കളുടെ വിഹാരകേന്ദ്രവുമാണ്. അതുകൊണ്ട് പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് എല്ലാവരുടെയും ആശങ്കകൾ പരിഹരിക്കണമെന്നും ഡി കെ മുരളി ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
Top