25 September Tuesday
കുഞ്ഞു കൈകളും കരുതലേകും, സ്‌കൂളുകളിലും ധനസമാഹരണം

നാട് പുനർനിർമിക്കാൻ ഒന്നിച്ചിറങ്ങാം: ധനശേഖരണ യജ്ഞം 11 മുതൽ 15 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

തിരുവനന്തപുരം

പ്രളയക്കെടുതിയിൽനിന്ന‌് കേരളത്തെ കൈപിടിച്ചുയർത്താൻ രക്ഷാപ്രവർത്തനത്തിലും ദുരിതബാധിത പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കിയും മാതൃകയായ തലസ്ഥാനജില്ല, കേരളത്തിന്റെ പുനർനിർമാണത്തിനായി ധനസമാഹരണത്തിനിറങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരിൽനിന്നും പണം സ്വരൂപിച്ച് നവകേരളം സൃഷ്ടിക്കാനുള്ള യജ്ഞം  11 മുതൽ 15 വരെ ജില്ലയിൽ നടക്കും. ചരിത്രപരമായ ഉദ്യമത്തിൽ എല്ലാവരും അകമഴിഞ്ഞു സഹകരിക്കണമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രനും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ,  കലക്ടർ  കെ വാസുകി തുടങ്ങിയവരും ജില്ലയിലെ ആറു താലൂക്കുകളിൽ നേരിട്ടെത്തി സംഭാവനകൾ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെക്കുകളും ഡ്രാഫ്റ്റുകളുമായി നേരിട്ട് ആർക്കും നൽകാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ‌് ധനശേഖരണയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.  11 നാണ‌് തിരുവനന്തപുരം താലൂക്കിലെ ധനശേഖരണം. ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെ വിജെടി ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തും.  13നു രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ നെടുങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിലും  14ന‌് പകൽ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആറ്റിങ്ങൽ ടൗൺ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ ഓഫീസ് ഹാളിലും ധനശേഖരണം നടത്തും. നെയ്യാറ്റിൻകര താലൂക്കിലെ ധനശേഖരണം 15ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ നെയ്യാറ്റിൻകര ബോയ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിലേത് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഓഡിറ്റോറിയത്തിലും നടക്കും. ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും സർക്കാർ വകുപ്പുകൾവഴിയും നൽകാം. ഓരോ താലൂക്ക് അടിസ്ഥാനത്തിൽ വകുപ്പുകൾ ശേഖരിക്കുന്ന തുക ഓരോ താലൂക്കിലും നിശ്ചയിച്ചിട്ടുള്ള സിറ്റിങ്ങിൽവച്ച് മന്ത്രിക്ക‌് നേരിട്ടു കൈമാറും. സ്‌കൂൾ കുട്ടികളും നവകേരളത്തിന്റെ നിർമാണത്തിൽ പങ്കാളികളാകും.  11ന് ജില്ലയിലെ സ്‌കൂളുകളിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കും. പിടിഎയുടെ സഹകരണത്തോടെയാണ് എല്ലാ വിദ്യാലയങ്ങളിലും ഫണ്ട് ശേഖരിക്കുക. 11നു രാവിലെ 10ന് കോട്ടൺഹിൽ സ്‌കൂളിൽനിന്നും ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽനിന്നും ഫണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങും. ധനസമാഹരണത്തെക്കുറിച്ച് ആലോചിക്കാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ ഐ ബി സതീഷ്, ഡി കെ  മുരളി, ബി സത്യൻ, മേയർ വി കെ  പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാ ബീഗം, എഡിഎം വി ആർ വിനോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 
പ്രധാന വാർത്തകൾ
Top