15 November Thursday

കുട്ടനാട്ടിലെ പ്രളയബാധിതർക്ക് പാറശാല ബിആർസിയുടെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

പാറശാല

അതിജീവനത്തിന് കരുത്ത് പകർന്ന് അധ്യാപകർ കുട്ടനാട്ടിലെത്തി. അധ്യാപകദിനത്തിലാണ് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി പാറശാല ബിആർസിയിലെ അധ്യാപകർ ‘സഹപാഠിക്ക് ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി പ്രളയബാധിത കുട്ടനാട്ടിലെത്തിയത്. പാറശാല  ഉപജില്ലയിലെ 71 വിദ്യാലയങ്ങളിലെ കുട്ടികളിൽനിന്ന് ശേഖരിച്ച ഏഴായിരത്തോളം നോട്ടുബുക്കുകൾ, പേന, പെൻസിൽ, കളർ പെൻസിലുകൾ, ചോറ്റുപാത്രങ്ങൾ, പുതുവസ്ത്രങ്ങൾ, റബർ കട്ടകൾ, പെൻസിൽ , കട്ടറുകൾ , പുതുവസ്ത്രങ്ങൾ എന്നിവയുമായാണ‌് തലവടി വിദ്യാഭ്യാസ ഉപജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലെ 16 വിദ്യാലയങ്ങളിലെത്തിയത്. പഠനോപകരണ വിതരണോദ്ഘാടനം തലവടി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭ ഹരി എംഎൽഎ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ജയശ്രീ, കെഎസ‌്ടിഎ നേതാക്കളായ പി കെ സുജാത ,ടി ആർ കുമാരൻ, ജയശങ്കർ, പാറശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ ബാബു, ബിപിഒ എസ‌്‌ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ബിആർസി പരിശീലകൻ എ എസ‌്‌ മൻസൂർ സ്വാഗതവും ആർ എസ്  ബൈജുകുമാർ നന്ദിയും പറഞ്ഞു. വിവിധ സ‌്കൂളുകളിലെത്തി അധ്യാപകർ പഠനോപകരണങ്ങൾ കുട്ടികൾക്ക് കൈമാറി. തലവടി പഞ്ചായത്തിലെ വിവിധ വീടുകളിലെയും വിദ്യാലയങ്ങളിലെയും കിണറുകളും സംഘം ശുചീകരിച്ചു. പഠനോപകരണവിതരണ സമാപനസമ്മേളനം തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ.യുപിഎസിൽ തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു ഉദ്ഘാടനം ചെയ്തു. തലവടി എഇഒ രാമകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി രഞ‌്ജിത്, പിടിഎ പ്രസിഡന്റ് കെ പി സന്തോഷ് എന്നിവർ സംസാരിച്ചു. എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസർ സിദീക്ക്, തലവടി ബിപിഒ ഭാമിനി എന്നിവർ സംഘാംഗങ്ങളെ സ്വീകരിച്ചു.

പ്രധാന വാർത്തകൾ
Top