17 November Saturday

മനോരമ വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

കോവളം

മിഖേൽ അടിമയുടെ കുടുംബത്തിന് തങ്ങളുടെ വാർത്തയെ തുടർന്ന്‌ ധനസഹായം അനുവദിച്ചു എന്ന മനോരമയുടെ വാർത്ത അടിസ്ഥാനരഹിതം. ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ പുതിയതുറ നെടിയവിളാകം പുരയിടത്തിൽ മിഖേൽ അടിമയുടെ കുടുംബത്തിന് നഷ്ടപരിഹാര ധനസഹായം ചുവപ്പ്നാടയിൽ കുടുങ്ങിക്കിടക്കുന്നു. മിഖേൽ അടിമയുടെ ഭാര്യ ജയ്നമ്മയെയും  മക്കളെയും സർക്കാർ അവഗണിക്കുന്നു എന്നായിരുന്നു മനോരമ ചൊവ്വാഴ്ച നൽകിയ വാർത്ത. എന്നാൽ, ബുധനാഴ്ച വാർത്ത വന്നത‌് മനോരമ വാർത്ത തുണയായി ജയ്നമ്മയ്ക്കും കുടുംബത്തിനും 20 ലക്ഷം നഷ്ടപരിഹാരം ലഭിക്കുമെന്നാണ‌്. മനോരമ വാർത്ത നൽകി ഒരു ദിവസംകൊണ്ട് അത്ഭുതം  സൃഷ്ടിച്ചെന്ന മട്ടിലാണ് വാർത്ത നൽകിയത‌്. എന്നാൽ, വാർത്ത അടിസ്ഥാനരഹിതമാണ‌്.  സിപിഐ എം നേതാക്കളായ പുല്ലുവിള സ്റ്റാൻലി, ഇ കെന്നഡി, ഡോ. വി ഗബ്രിയേൽ എന്നി നേതാക്കൾ ഫിഷറീസ്  മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി ആഗസ‌്ത‌് 20ന്റെ  ഉത്തരവിലൂടെ മിഖേൽ അടിമയുടെ ഭാര്യ ജയ്നമ്മയ‌്ക്കും മക്കൾക്കുമായി 20 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഈ വസ്തുത മറച്ചുവച്ചാണ് മനോരമ വാർത്ത നൽകിയത‌്.  കൂടാതെ ജയ്നമ്മയ‌്ക്ക് വില്ലേജ് ഒാഫീസ് മുഖാന്തരം 20,000 രൂപയും ലഭിച്ചിരുന്നു. കഴിഞ്ഞ നവംബർ 20ന് തമിഴ്നാട്ടിലെ  തൊഴിലാളി സംഘത്തോടൊപ്പം കൊച്ചിയിൽനിന്നാണ് മിഖേൽ അടിമ മത്സ്യബന്ധനത്തിന് പോയത്. ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായ മിഖേലിനെക്കുറിച്ച്‌ ഇതുവരെയും ഒരു വിവരവുമില്ല. സംഘം സഞ്ചരിച്ച ബോട്ടും കണ്ടു കിട്ടിയിട്ടില്ല. എന്നാൽ, ദുരന്തത്തിൽപ്പെട്ടവരെക്കുറിച്ച് സർക്കാർ ഏജൻസികൾ വിവരശേഖരണം നടത്തിയപ്പോൾ മിഖേൽ അടിമയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ശരിയായ വിവരം നൽകാൻ ആർക്കും സാധിച്ചില്ല.  സിപിഐ എം, മത്സ്യത്തൊഴിലാളി നേതാക്കൾ വില്ലേജ് ഓഫീസ് മുതൽ വകുപ്പുമന്ത്രിയുടെ ഓഫസ‌് വരെ നിരന്തരം കയറിയിറങ്ങി ജയ്നമ്മയ‌്ക്കും മക്കൾക്കും അർഹമായ നഷ്ടപരിഹാരം അനുവദിച്ച് ഏതാണ്ട് ഒരു മാസത്തിനുശേഷമാണ‌് മനോരമയുടെ വസ‌്തുതാവിരുദ്ധമായ വാർത്ത.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top