21 November Wednesday

വര തുടരുന്നു; ചിത്രം വാങ്ങാം കേരളത്തിനായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

പ്രളയബാധിതരെ സഹായിക്കാൻ സംഘടിപ്പിച്ച ‘കല കരുണയ‌്ക്കായി’ പരിപാടിയിൽ കാനായി കുഞ്ഞിരാമൻ റസൂൽ പൂക്കുട്ടിയുടെ മുഖം പകർത്തുന്നു

തിരുവനന്തപുരം

സിനിമയിൽ ശബ്ദവിസ‌്മയം ഒരുക്കുന്ന റസൂൽ പൂക്കുട്ടിയെ ക്യാൻവാസിലാക്കി ശിൽപ്പങ്ങളിൽ ഇന്ദ്രജാലം തീർക്കുന്ന കാനായി. റസൂലിന്റെ മുഖം പകർത്താൻ കാനായിക്കുവേണ്ടിവന്നത‌് നിമിഷങ്ങൾ മാത്രം. വര തീർന്നപ്പോൾ ഇതുകൊള്ളാലോ എന്ന‌ മുഖഭാവം റസൂലിനും കൂട്ടർക്കും. ലളിതകലാ അക്കാദമിക്യാമ്പിലാണ‌്  റസൂൽ പൂക്കുട്ടി കാനായി കുഞ്ഞിരാമന‌് ‘മുഖം കൊടുത്തത‌്’. കാനായിയും റസൂലും മാത്രമല്ല ബി ഡി ദത്തൻ, കാട്ടൂർ നാരായണപിള്ള, മുത്തുക്കോയ തുടങ്ങി നിരവധി കാലാകാരന്മാരാണ‌് നവകേരള സൃഷ്ടിക്കായി  പരിപാടിയിൽ പങ്കാളികളായത‌്. വിദേശി ടച്ചും ക്യാൻവാസിനെ സമ്പന്നമാക്കി. ജർമൻ സ്വദേശിനി അന്ന മെറ്റിജയായിരുന്നു അപ്രതീക്ഷിതമായി അതിഥിയായെത്തിയ   കലാകാരി. കേരളത്തിനായി അന്നയും വരച്ചു ചന്തമേറുന്നൊരു പടം. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ സർഗസൃഷ്ടിയിലൂടെ പങ്കാളികളാകുകയാണ‌് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ. മ്യൂസിയത്തിലാണ‌് ചിത്ര, കാർട്ടൂൺ രചന. ചിത്രം വരച്ച ശേഷം ഇവിടെ വിൽപ്പനയ‌്ക്ക‌് വയ‌്ക്കും. 1500 രൂപയാണ‌് ചിത്രത്തിന്റെ വില. ചിത്രം വിറ്റുലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കൈമാറും. എറണാകുളം, ആലപ്പുഴ, ആലുവ എന്നിവിടങ്ങളിൽ പരിപാടി നടത്തിയശേഷമാണ‌് അക്കാദമി തലസ്ഥാനത്ത‌് എത്തിയത‌്‌. 65ൽ അധികം കലാകാരന്മാർ പങ്കാളികളായി. ഇതിനകം നിരവധി ചിത്രങ്ങളുടെ   വിൽപ്പന ഉറപ്പിച്ചു. കഴിഞ്ഞദിവസം ഡാവിഞ്ചി സുരേഷിന്റെ ശിൽപ്പം ഒരുലക്ഷം രൂപയ‌്ക്കാണ‌് വിറ്റുപോയത‌്. വ്യാഴാഴ‌്ചയും ചിത്രരചന പരിപാടി തുടരും. തുടർന്ന‌് പത്ത‌്, 11 തീയതികളിൽ മ്യൂസിയം ഓഡിറ്റോറിയത്തിൽ ചിത്രങ്ങളും ശിൽപ്പങ്ങളും കാർട്ടൂണുകളും പ്രദർശിപ്പിക്കും. ഇവിടെനിന്ന‌് സർഗസൃഷ്ടികൾ ആസ്വാദകർക്ക‌് വാങ്ങാം.

പ്രധാന വാർത്തകൾ
Top