17 November Saturday
അക്ഷരശ്രീ സർവേ

നഗരത്തിൽ 11764 നിരക്ഷരർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

തിരുവനന്തപുരം

നഗരത്തിൽ  11764 നിരക്ഷരർ. സാക്ഷരതാ മിഷൻ നഗരസഭയുമായി ചേർന്ന‌് നടപ്പാക്കുന്ന അക്ഷരശ്രീ പദ്ധതി സർവേ റിപ്പോർട്ടിലാണ‌് നിരക്ഷരരെ കണ്ടെത്തിയത‌്. നിരക്ഷരരിൽ ഭൂരിഭാഗവും സ‌്ത്രീകളാണ‌്‐7256. പട്ടികജാതിക്കാരിൽ‐1175, പട്ടികവർഗത്തിൽ 147 പേരും നിരഞക്ഷരരായുണ്ട‌്. ബീമാപള്ളി വാർഡിലാണ് ഏറ്റവും കൂടുതൽ നിരക്ഷരർ‐755. ഇതിൽ 426 പേർ സ്ത്രീകളും 339 പേർ പുരുഷൻമാരുമാണ്.  തീരദേശ വാർഡുകളിലാണ് നിരക്ഷരത ഏറ്റവും കൂടുതൽ. തീരദേശ വാർഡുകളായ കോട്ടപ്പുറം‐ 696, മാണിക്യവിളാകം‐ 666, ഹാർബർ‐ 517, വലിയതുറ ‐ 488, വെള്ളാർ‐ 440, പൂന്തുറ‐ 315, വെട്ടുകാട്‐ 303 എന്നിങ്ങനെയാണ് നിരക്ഷരരുടെ എണ്ണം. ഏറ്റവും കുറവ് നിരക്ഷരരെ കണ്ടെത്തിയത്  കുറവൻകോണം, നന്തൻകോട് വാർഡുകളിലാണ്. ഇവിടെ അഞ്ചുവീതമാണ് നിരക്ഷരരുടെ എണ്ണം. നവസാക്ഷരർ മുതൽ നാലാംതരം വിജയിക്കാത്ത 12,979 പേരെ സർവേയിൽ കണ്ടെത്തി. ഇതിൽ ഒരാൾ ട്രാൻസ്ജെൻഡറാണ‌്. നാലാംതരം വിജയിച്ചവരും ഏഴാംതരം വിജയിക്കാത്തവരുമായ 22,999 പേരെയും ഏഴാംതരം വിജയിക്കുകയും പത്താംതരം വിജയിക്കാത്തവരുമായ 45208 പേരെയും  പത്താംതരം വിജയിക്കുകയും ഹയർ സെക്കൻഡറി പാസാകാത്തവരുമായി 39,479  പേരെയും കണ്ടെത്തി. പത്താംതരം വിജയിക്കാത്തവരിൽ മൂന്നുപേർ ട്രാൻസ്ജെൻഡറുകളാണ്. നിരക്ഷരർ, നാല്, ഏഴ്,പത്ത്, ഹയർ സെക്കൻഡറി തലങ്ങൾ വിജയിക്കാത്തവർ എന്നിങ്ങനെ തിരിച്ചായിരുന്നു സർവേ. നാലാംതരം വിജയിക്കാത്തവരുടെ എണ്ണം കൂടുതൽ വലിയതുറയിലാണ്‐494. ഏഴാംതരം വിജയിക്കാത്തവരും ഏറ്റവും കൂടുതലുള്ളത് വലിയതുറ വാർഡിൽ തന്നെ‐ 802. വെള്ളാർ വാർഡിലാണ് പത്താംതരം വിജയിക്കാത്തവർ കൂടുതൽ‐ 1205. ഹയർ സെക്കൻഡറി വിജയിക്കാത്തവർ കൂടുതൽ മുല്ലൂർ വാർഡിലാണ്. ഇവിടെ 1029 പരെ കണ്ടെത്തി. നഗരത്തിലെ 100 വാർഡിലായി മൊത്തം  2,23818  വീടുകളിലായിരുന്നു സർവേ നടത്തിയത്.  14,318 പേർ സർവേ വളന്റിയർമാരായി. സർവേയിൽ കണ്ടെത്തിയ നിരക്ഷരർക്കുള്ള ക്ലാസുകൾ ഉടൻ ആരംഭിക്കും.  ഹയർ സെക്കൻഡറി തുല്യതവരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് അക്ഷരശ്രീയിൽ ഒരുക്കുന്നത‌്.  സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് മാതൃകാ പദ്ധതിയായി തിരുവനന്തപുരം നഗരസഭയിൽ ആരംഭിച്ചത്. സർവേ റിപ്പോർട്ട‌് പ്രകാശനം മന്ത്രിമാരായ  സി രവീന്ദ്രനാഥ്, എ സി മൊയ്തീൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

പ്രധാന വാർത്തകൾ
Top