24 September Monday

പരിസ്ഥിതി സംരക്ഷണം രാഷ‌്ട്രീയ പ്രവർത്തനം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

സിപിഐ എം വഞ്ചിയൂർ ഏരിയകമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 

പരിസ്ഥിതി സംരക്ഷണം രാഷ‌്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന‌് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു.  ഇതിന്റെ ഭാഗമായാണ‌് പാർടിയും ബഹുജനസംഘടനകളും  പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത‌്. പ്രകൃതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കാൻ വിപുലമായ ബോധവൽക്കരണം അനിവാര്യമാണെന്നും കോടിയേരി പറഞ്ഞു. സിപിഐ എം വഞ്ചിയൂർ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ ചാക്ക വൈഎംഎയിൽ നടന്ന  പരിസ്ഥിതിദിനാചരണം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘പരിസ്ഥിതി സംരക്ഷണവും കമ്യൂണിസ്റ്റുകാരും’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ‌് വേണ്ടതെന്ന‌് ആദ്യം പ്രഖ്യാപിച്ച പാർട്ടി സിപിഐ എമ്മാണ‌്.  കാറൽ മാർക‌്സ‌് 1867ൽ തന്നെ മൂലധനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട‌്. മുതലാളിത്തം പ്രകൃതിയേയും മണ്ണിനേയും ചൂഷണം ചെയ‌്താണ‌് വളരുന്നതെന്ന‌് മാർക‌്സ‌് പറഞ്ഞു.  കേരളത്തിലെ എൽഡിഎഫ‌് സർക്കാർ പരിസ്ഥിതി സംരക്ഷിച്ചുള്ള വികസന നയമാണ‌് നടപ്പാക്കുന്നത‌്. സർക്കാർ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതി വലിയ മാറ്റങ്ങളാണ‌് സൃഷ്ടിക്കുന്നത‌്. പുഴകളും കുളങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിന‌് വലിയ  അവബോധം സമൂഹത്തിൽ സഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഇത‌് മുന്നോട്ടുകൊണ്ടുപോകണം.  കുളങ്ങളും നദികളും കിണറുകളും ജലസ്രോതസ്സുകളും ശുചീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സിപിഐ എം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിപുലമായ പ്രവർത്തനങ്ങൾ ആവേശകരമായി മുന്നേറുകയാണ‌്. നാട‌് മാലിന്യവിമുക്തമാകാൻ സമൂഹത്തിന്റെ ബോധ നിലവാരം മാറണം. പുതുതലമുറയിൽ പരിസ്ഥിതിഅവബോധം ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു. വൈഎംഎയുടെ പരിസരത്ത‌് കോടിയേരി തെങ്ങിൻതൈ നട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി.  മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാനകമ്മിറ്റിയംഗം വി ശിവൻകുട്ടി, കെ സി വിക്രമൻ, വി എസ‌്  പത്മകുമാർ, വഞ്ചിയൂർ പി ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി ലെനിൻ സ്വാഗതവും ബി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top